റിയാദ്: തൊഴിലാളികൾക്ക് വളരെ കുറവോ അത്യധികമോ ആയ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതും ശമ്പളം നൽകുന്നതിൽ താമസം വരുത്തുന്നതും ഇനി സൗദി അറേബ്യയുടെ വേതന സംരക്ഷണ പദ്ധതിയുടെ (Wage Protection Scheme) ഭാഗമായി നിയമലംഘനമായി രേഖപ്പെടുത്തുമെന്ന് മനുഷ്യ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD) വ്യക്തമാക്കി.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, അസാധാരണമായ ശമ്പളം നൽകുന്ന തൊഴിലുടമകളുടെ റെക്കോർഡിൽ മുന്നറിയിപ്പ് അലർട്ടുകൾ കാണിക്കും. ശമ്പളത്തിന്റെ 50% -ൽ കൂടുതലായി കുറവ് വരുത്തുന്നതോ, 90 ദിവസത്തോളം അടിസ്ഥാന ശമ്പളം രേഖപ്പെടുത്താതിരിക്കുന്നതോ, ശമ്പളം നൽകാത്തതോ, ശമ്പള വിതരണം സംബന്ധിച്ച രേഖകൾ ഇല്ലാതിരിക്കുന്നതോ എല്ലാം നിയമലംഘനമായി കണക്കാക്കും.
20 ദിവസത്തിൽ കൂടുതലായി വേതന ഫയൽ സമർപ്പിക്കുന്നതിൽ താമസം വന്നാൽ കമ്പനിക്കെതിരെ ഇൻസ്പെക്ഷൻ നടപടി ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മുദാദ് സിസ്റ്റം ആദ്യം തൊഴിലുടമയ്ക്ക് Notification നൽകും, തുടർന്ന് 10-ാം ദിവസവും 15-ാം ദിവസവും വീണ്ടും മുന്നറിയിപ്പ് നൽകും. 20 ദിവസത്തിനകം ഫയൽ സമർപ്പിക്കാത്ത പക്ഷം പരിശോധനയ്ക്കായി സ്വയമേവ അപേക്ഷ ഉയർത്തപ്പെടും.
തൊഴിലുടമകൾക്ക് ശമ്പള താമസം സംബന്ധിച്ച് 10 ദിവസത്തിനകം വിശദീകരണം നൽകാൻ കഴിയും. തൊഴിലാളികൾക്ക് അത് അംഗീകരിക്കാനോ നിരസിക്കാനോ 3 ദിവസം സമയം ലഭിക്കും.
ശമ്പളത്തിൽ 2 മാസം വരെ താമസം വന്നാൽ കമ്പനി എല്ലാ സർക്കാർ സേവനങ്ങളും (വർക്ക്പെർമിറ്റ് നൽകൽ, പുതുക്കൽ ഒഴികെ) നിർത്തിവയ്ക്കും. 3 മാസത്തിൽ കൂടുതൽ താമസം ഉണ്ടെങ്കിൽ എല്ലാ സേവനങ്ങളും പൂർണമായും നിർത്തിവയ്ക്കുകയും തൊഴിലാളികൾക്ക് ഇപ്പോഴത്തെ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു തൊഴിലുടമയിലേക്ക് മാറാനും സാധിക്കും.