ദുബൈ – പൊതു ശുചിത്വ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് തല്‍ക്ഷണം റിപ്പോര്‍ട്ട് ചെയ്യാനായി ദുബൈ നഗരസഭ പുതിയ ആപ്പ് പുറത്തിറക്കി. ഇല്‍ത്തിസാം എന്ന പേരിലാണ് പുതിയ ആപ്പിന് തുടക്കം കുറിച്ചത്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി ശക്തിപ്പെടുത്താനാണ് ദുബൈയുടെ ഈ നീക്കം.

മാലിന്യം തള്ളല്‍, തുപ്പല്‍, നിയമവിരുദ്ധമായ ബാര്‍ബിക്യൂ, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ എന്നിവയെ കുറിച്ച് ആപ്പ് വഴി തല്‍ക്ഷണം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ജുഡീഷ്യല്‍ അധികാരമുള്ള തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് തത്സമയ ഫോട്ടോ തെളിവുകളും ലൊക്കേഷന്‍ ട്രാക്കിംഗും ഉപയോഗിച്ച് സംഭവസ്ഥലത്തു വെച്ചുതന്നെ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ്പ് അധികാരം നല്‍കുന്നു.

അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് ജുഡീഷ്യല്‍ ഓഫീസര്‍ പദവി അനുവദിക്കുന്നത് നിയന്ത്രിക്കുകയും പൊതു ശുചിത്വ നിര്‍വഹണ അനുസരണം, നിയമപരമായ വ്യക്തത, മെച്ചപ്പെട്ട കമ്മ്യൂണിറ്റി പങ്കാളിത്തം എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്ന 2024 ലെ ദുബൈ നിയമം നമ്പര്‍ 19 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ശുചിത്വ നിയമ ലംഘനങ്ങളുടെ ഫോട്ടോകള്‍ എടുക്കാനും സ്ഥലം ഓട്ടോമാറ്റിക് ആയി ടാഗ് ചെയ്യാനും കുറിപ്പുകള്‍ ചേര്‍ക്കാനും തുടര്‍നടപടികള്‍ക്കായി നിയമ ലംഘനം ഉടന്‍ രജിസ്റ്റര്‍ ചെയ്യാനും ഇല്‍ത്തിസാം വഴി ഈ ഉദ്യോഗസ്ഥര്‍ക്ക് കഴിയും.
പൊതുസ്ഥലങ്ങളില്‍ തുപ്പല്‍, ച്യൂയിംഗ് ഗം തെറ്റായി ഉപേക്ഷിക്കല്‍, പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളല്‍, ജൈവ മാലിന്യങ്ങളും പൊതു മാലിന്യങ്ങളും കടലിലോ ബീച്ചുകളിലോ തുറമുഖങ്ങളിലോ തള്ളല്‍, അനധികൃത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കഴുകുന്ന വെള്ളം ഒഴുക്കിവിടല്‍, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുകയോ തീ കത്തിക്കുകയോ ചെയ്യല്‍, പൊതുസ്ഥലങ്ങളെ വികൃതമാക്കുന്ന പരസ്യങ്ങള്‍ പതിക്കല്‍, പൊതുസ്ഥലങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുടെ കാഷ്ഠം വൃത്തിയാക്കാതിരിക്കല്‍ എന്നീ എട്ട് പ്രധാന ശുചിത്വ നിയമ ലംഘനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ആപ്പ് ലക്ഷ്യമിടുന്നു.
ഈ ലംഘനങ്ങള്‍ ഓരോന്നും ഇപ്പോള്‍ ഇല്‍ത്തിസാം വഴി വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും പിഴ ചുമത്താനും കഴിയും. ഇത് ശുചിത്വത്തെ വിലമതിക്കുന്ന ഒരു നഗരമെന്ന നിലയില്‍ ദുബൈയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുന്ന നിയന്ത്രണമെന്ന നിലയില്‍ മാത്രമല്ല, പങ്കിട്ട പൗര കടമയായും കണക്കാക്കപ്പെടുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന മുന്നേറ്റത്തിന്റെയും നഗരത്തിന്റെ പരിസ്ഥിതിയും സൗന്ദര്യശാസ്ത്രവും സംരക്ഷിക്കുന്നതില്‍ സമൂഹത്തെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് പുതിയ സംരംഭം.
നഗരത്തിന്റെ ശുചിത്വം, സുസ്ഥിരത, ജീവിത നിലവാരം എന്നിവ വര്‍ധിപ്പിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ദൗത്യത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഇല്‍ത്തിസാം എന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അഹ്മദ് ബിന്‍ ഗലീത്ത പറഞ്ഞു. ജുഡീഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അംഗീകൃത ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിലൂടെ ഉത്തരവാദിത്തത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും ഒരു സംസ്‌കാരം ഞങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ്. ദുബൈയുടെ നഗര ആകര്‍ഷണം സംരക്ഷിക്കാനും ലോകത്തിലെ ഏറ്റവും മനോഹരവും വൃത്തിയുള്ളതുമായ നഗരമെന്ന സ്ഥാനം ഉയര്‍ത്താനും സാങ്കേതികവിദ്യയും നിയമവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര നഗരത്തെ കുറിച്ചുള്ള ഞങ്ങളുടെ ആശയത്തെ ഈ ആപ്പ് പ്രതിഫലിപ്പിക്കുന്നു. പൊതു ശുചിത്വം ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല, അത് ഒരോ പൗരനും പാലിക്കേണ്ട മൂല്യവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ്. വരും തലമുറകള്‍ക്കായി സുസ്ഥിരവും ജീവിക്കാന്‍ കഴിയുന്നതുമായ ഒരു ദുബൈയിയെ രൂപപ്പെടുത്തുന്നതില്‍ ഓരോ ഉദ്യോഗസ്ഥനും ഓരോ പൗരനും പങ്കുവഹിക്കുന്നുവെന്ന് ഇല്‍തിസാം ഉറപ്പാക്കുന്നതായി മര്‍വാന്‍ അഹ്മദ് ബിന്‍ ഗലീത്ത പറഞ്ഞു.
നിയന്ത്രണ പ്രവര്‍ത്തനത്തിനപ്പുറം, പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും ദുബൈയിലുടനീളം മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്ന, ആധുനികവും സമൂഹത്തെ നയിക്കുന്നതുമായ ഉപകരണങ്ങള്‍ സ്വീകരിക്കുന്നതില്‍ ദുബൈയുടെ മുന്‍നിര പങ്കിനെ ഇല്‍ത്തിസാം ശക്തിപ്പെടുത്തുന്നതായി നഗരസഭ പറഞ്ഞു.