റിയാദ് – നിയമ വിരുദ്ധമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്ത് റിയാദ് നഗരസഭ. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 5,000 ലേറെ ഇടങ്ങളില്‍ നിന്നാണ് ബാരിക്കേഡുകൾ നീക്കം ചെയ്തത്. സ്ഥാപനങ്ങള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നും നഗരപ്രദേശത്തെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നുമാണ് ഇവ മാറ്റിയത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, ഭരണ കെട്ടിടങ്ങള്‍ക്ക് ചുറ്റുമുള്ള 39 സ്ഥലങ്ങളെയാണ് പരിഗണിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളിലായി 5,000 ലേറെ സ്ഥലങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് കോണ്‍ക്രീറ്റ് ബാരിക്കേഡുകളാണ് നീക്കം ചെയ്തതെന്നും നിയമ വിരുദ്ധ ബാരിക്കേഡുകളുള്ള സ്ഥലങ്ങള്‍ തിരിച്ചറിയാനും മുന്‍ഗണനകള്‍ക്കനുസരിച്ച് അവ ക്രമേണ നീക്കം ചെയ്യാനുമുള്ള സമഗ്രമായ പദ്ധതി രണ്ടാം ഘട്ടത്തില്‍ ഉൾപ്പെടുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

നഗര പരിസ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. നഗര സൗന്ദര്യം വര്‍ധിപ്പിക്കാനും, വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും തടസ്സപ്പെടുത്താതിരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. തലസ്ഥാനത്ത് വാഹന ഗതാഗതത്തെയും നഗര ഭൂപ്രകൃതിയേയും പ്രതികൂലമായി ഇത്തരം ബാരിക്കേഡുകൾ ബാധിക്കുന്നുണ്ട്.

പൊതു ഇടങ്ങള്‍ ഏറ്റവും മികച്ച നിലയില്‍ ഉപയോഗിക്കാനും സുപ്രധാന ജനവാസ കേന്ദ്രങ്ങളില്‍ വാഹന ഗതാഗതത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഇവ നീക്കം ചെയ്യലിലൂടെ ലക്ഷ്യമിടുന്നതായി നഗരസഭ അറിയിച്ചു. സൗദി വിഷന്‍ 2030 ന്റെ ഭാഗം കൂടിയാണീ പദ്ധതി.