കുവൈത്ത് സിറ്റി – കുടുംബ സന്ദർശന വിസക്കുള്ള മിനിമം ശമ്പള വ്യവസ്ഥ റദ്ദാക്കി കുവൈത്ത്. കുവൈത്ത് സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കുവൈത്തില്‍ താമസിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ഇനി മുതല്‍ തങ്ങളുടെ കുടുംബങ്ങളെ വിസിറ്റ് വിസയില്‍ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാൽ, ഫാമിലി വിസയുടെ കാലാവധി ഒരു മാസം മാത്രമായി തുടരുമെന്നും റെസിഡന്‍സി അഫയേഴ്സ് വകുപ്പിലെ ഇലക്ട്രാണിക് സര്‍വീസസ് ഡയറക്ടര്‍ കേണല്‍ അബ്ദുല്‍ അസീസ് അല്‍കന്ദരി കുവൈത്ത് ടെലിവിഷനോട് പറഞ്ഞു.

പുതിയ മാറ്റപ്രകാരം കുടുംബ വിസകളില്‍ വിവാഹത്തിലൂടെയുള്ള നാലാം ഡിഗ്രി ബന്ധുക്കളെയും മൂന്നാം ഡിഗ്രി ബന്ധുക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഫാമിലി വിസയിൽ മാതാപിതാക്കൾക്ക് പുറമെ ഇണകളെയും കുട്ടികളെയും മാത്രമായിരുന്നു ഉൾപ്പെടുത്തിയത്. പുതുതായി സ്ഥാപിച്ച കുവൈത്ത് വിസ പ്ലാറ്റ്ഫോം വഴി ഫാമിലി വിസകളടക്കമുള്ള വിസകൾ ലഭ്യമാകും. അപേക്ഷ പൂര്‍ത്തിയായാല്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ വിസ ലഭിക്കുമെന്നും കേണല്‍ അബ്ദുല്‍ അസീസ് അല്‍കന്ദരി പറഞ്ഞു. കുവൈത്ത് സന്ദര്‍ശകര്‍ കുവൈത്ത് വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്സും അല്‍ജസീറ എയര്‍വേയ്സും യാത്രക്കായി ഉപയോഗിക്കണമെന്ന നിബന്ധനയും കുവൈത്ത് നിര്‍ത്തലാക്കിയിട്ടുണ്ട്. ഇനി മുതൽ വിമാനം,കപ്പൽ തുടങ്ങി ഏത് മാർഗം ഉപയോഗിച്ചും സന്ദര്‍ശകര്‍ക്ക് കുവൈത്തിലെത്താം. കുവൈത്ത് വിസ പ്ലാറ്റ്ഫോം വഴിയും അപേക്ഷ വഴിയും ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഗവണ്‍മെന്റ് എന്നീ നാല് തരം വിസിറ്റ് വിസകള്‍ നല്‍കുന്നുണ്ട്.

ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതില്‍ സന്ദര്‍ശകരെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്
ഒന്ന്
പാസ്പോര്‍ട്ടിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 53 രാജ്യക്കാർ. പ്രധാനമായും പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരാണ് ആദ്യത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. തുര്‍ക്കി ഉള്‍പ്പെടെ 41 യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ബ്രൂണൈ, സിംഗപ്പൂര്‍, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, ലാവോസ്, കംബോഡിയ, മലേഷ്യ എന്നീ എട്ട് ഏഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ എത്തുന്ന മുറക്ക് ഓണ്‍-അറൈവല്‍ വിസയും പ്ലാറ്റ്ഫോം വഴിയും എല്ലാ തരം ടൂറിസ്റ്റ് വിസകളും ലഭിക്കും. നെഗറ്റീവ് സുരക്ഷാ സ്‌ക്രീനിംഗ് ഒഴിവാക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അപേക്ഷകരോട് കേണല്‍ അബ്ദുല്‍ അസീസ് അല്‍കന്ദരി പറഞ്ഞു. ഇത് അപേക്ഷകരെ തിരിച്ചയക്കാന്‍ കാരണമാകുന്നത് കൊണ്ടാണ് നിർദ്ദേശം. ഓണ്‍ലൈന്‍ ആയി വിസ നേടുന്നവര്‍ മറ്റൊരു നിബന്ധനയും പാലിക്കേണ്ടതില്ല.
രണ്ട്
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ വിദേശ താമസക്കാര്‍, അമേരിക്ക, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ സാധുവായ റെസിഡന്‍സി പെര്‍മിറ്റ് ഉള്ളവര്‍, യൂറോപ്പിലേക്കുള്ള ഷെന്‍ഗന്‍ വിസ ഉള്ളവര്‍ എന്നിവര്‍ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇനി മുതൽ ഇവര്‍ ശമ്പള സര്‍ട്ടിഫിക്കറ്റോ ബാങ്ക് അക്കൗണ്ടോ സമര്‍പ്പിക്കേണ്ടതില്ല. എന്നാൽ, അപേക്ഷകർ അവരുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വ്യക്തിഗത ഫോട്ടോ, കണ്‍ഫേം ചെയ്ത വിമാന ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍ എന്നിവ അപ്ലോഡ് ചെയ്തുകൊണ്ട് ഓണ്‍ലൈനായി അപേക്ഷിക്കണം.
മുമ്പ് പറഞ്ഞ രണ്ട് വിഭാഗങ്ങളിൽപെട്ടവര്‍ക്ക് ഒരു മാസം, രണ്ട് മാസം, മൂന്ന് മാസം എന്നിങ്ങിനെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസക്കോ മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങിനെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കോ അപേക്ഷിക്കാവുന്നതാണ്. ഓരോ തവണത്തെയും കുവൈത്തിലെ താമസം ഒരു മാസത്തില്‍ കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
മൂന്ന്
ആദ്യ രണ്ട് വിഭാഗത്തിലും ഉൾപ്പെടാത്ത ആളുകളാണ് ഇതിൽ ഉൾപ്പെടുക. ഇവർക്ക് എളുപ്പത്തില്‍ വിസ അനുവദിക്കുന്ന കാര്യം നിലവില്‍ പരിഗണനയിലാണ്. നിലവില്‍ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ സാമ്പത്തികമായി കഴിവുള്ളവരാണെന്ന് തെളിയിക്കാന്‍ ബാങ്ക് അക്കൗണ്ട് ഹാജരാക്കണം.
നാല്
ചില കായിക വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ കുവൈത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് നാലാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് സ്‌പോര്‍ട്‌സ് പരിപാടിയുടെ സമയത്ത് വിസക്ക് അപേക്ഷിക്കാവുന്നതാണ്.
ഏതെങ്കിലും പ്രാദേശിക കമ്പനിക്ക് വിദേശ ബിസിനസ് പങ്കാളിയെയോ സന്ദര്‍ശകനെയോ ബിസിനസ് വിസിറ്റ് വിസയില്‍ കൊണ്ടുവരാന്‍ അപേക്ഷിക്കാൻ സാധിക്കും. വിസയുടെ ഫീസ് ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്തമായിരിക്കുമെന്ന് കേണല്‍ അബ്ദുല്‍ അസീസ് അല്‍കന്ദരി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ താമസക്കാര്‍ക്ക് ഇപ്പോള്‍ കുവൈത്തില്‍ പ്രവേശിക്കാന്‍ ഓണ്‍-അറൈവല്‍ വിസ ലഭിക്കും. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ സാധുതയുള്ള റെസിഡന്‍സി പെര്‍മിറ്റ് ഉള്ള വിദേശ പൗരന്മാര്‍ക്ക് ഇപ്പോള്‍ കുവൈത്തില്‍ ഓണ്‍-അറൈവല്‍ വിസ സേവനങ്ങള്‍ക്ക് അര്‍ഹതയുണ്ട്. നേരത്തെ, ജിസിസി റെസിഡന്‍സി കാര്‍ഡുള്ള വിദേശ പാസ്പോര്‍ട്ട് ഉടമകള്‍ കുവൈത്തിലേക്ക് പോകുന്നതിന് മുമ്പ് ഇ-വിസ ആവശ്യമായിരുന്നു.
ജിസിസി നിവാസികള്‍ക്ക് വിമാനത്താവളത്തിലെ വിസ കൗണ്ടറില്‍ നിന്ന് ടൂറിസ്റ്റ് വിസ നല്‍കുമെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ സൂചിപ്പിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ താമസക്കാര്‍ക്ക് മൂന്ന് മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇമിഗ്രേഷന്റെ നിര്‍ദേശ പ്രകാരമാണ് ഗള്‍ഫിലെ വിദേശ താമസക്കാര്‍ക്ക് കുവൈത്തില്‍ ഓണ്‍-അറൈവല്‍ വിസ അനുവദിക്കുന്നത്.
ഡോക്ടര്‍, അഭിഭാഷകന്‍, എന്‍ജിനീയര്‍, അധ്യാപകന്‍, ജഡ്ജി, കണ്‍സള്‍ട്ടന്റ്, പബ്ലിക് പ്രോസിക്യൂഷന്‍ അംഗങ്ങള്‍, യൂണിവേഴ്‌സിറ്റി അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, പ്രസ്, മീഡിയ സ്റ്റാഫ്, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, ഫാര്‍മസിസ്റ്റ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, മാനേജര്‍, ബിസിനസുകാരന്‍, നയതന്ത്ര ജീവനക്കാര്‍, വാണിജ്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകള്‍, മാനേജര്‍മാര്‍, പ്രതിനിധികള്‍, യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ എന്നീ വിഭാഗത്തില്‍ പെടുന്ന, ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ താമസക്കാര്‍ക്കാണ് ഓണ്‍-അറൈവല്‍ വിസ ലഭിക്കുക. ഇതിന് യാത്രക്കാരന്റെ പക്കൽ സാധുവായ പാസ്പോര്‍ട്ട് ആവശ്യമാണ്. ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ടും ജി.സി.സി റസിഡന്‍സ് പെര്‍മിറ്റും യാത്രക്കാരന് ഉണ്ടായിരിക്കണം. കുവൈത്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടാനും പാടില്ല. യാത്രക്കാരന്റെ പക്കല്‍ റിട്ടേണ്‍ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിമാനത്താവളത്തിലെ വിസ കൗണ്ടറില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ യാത്രക്കാരന്‍ കുവൈത്തിലെ തന്റെ താമസ വിലാസം രജിസ്റ്റര്‍ ചെയ്യണമെന്നും നിബന്ധനയുണ്ട്.