ദുബൈ– 79ാംമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ഇളവുകൾ ബാധകമാണ്.

ഫ്രീഡം സെയിലിൻറെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിലായി 50 ലക്ഷം സീറ്റുകളാണ് ഓഫർ ചെയ്യുന്നത്. ആഭ്യന്തര യാത്രക്കുള്ള ടിക്കറ്റ് നിരക്കുകൾ 1,279 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,279 രൂപ മുതലും തുടങ്ങുന്നു. ഇന്ത്യയിൽ നിന്ന് അബുദാബി, ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലും ഓഫർ ലഭ്യമാണ്.
ഓഗസ്റ്റ് 10 ഞായറാഴ്ച എയർലൈൻ വെബ്‌സൈറ്റ് വഴിയും ആപ്പിലൂടെയും ഓഫർ ലഭ്യമാക്കി തുടങ്ങി. ഓഗസ്റ്റ് 15 വരെയാണ് ഓഫർ കാലയളവ്. ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ഓണം, പൂജ അവധി, ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ദിവസങ്ങളും ഈ കാലയളവിൽ ഉൾപ്പെടുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.
വിമാനക്കമ്പനിയുടെ എക്‌സ്പ്രസ് വാല്യൂ നിരക്കുകൾ ആഭ്യന്തര യാത്രകൾക്ക് 1,379 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 4,479 രൂപ മുതലും ആരംഭിക്കുന്നു. ഈ നിരക്കുകളിൽ സാധാരണ ചെക്ക്-ഇൻ ബാഗേജ് അലവൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാ ഉദ്യോഗസ്ഥർ, അവരുടെ ആശ്രിതർ എന്നിവർക്കായി പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു