ജിദ്ദ – മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ച് കയറുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ചുകയറുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഇത് മനുഷ്യര്‍ക്കും ഭൗതിക നഷ്ടങ്ങള്‍ക്കും കാരണമായേക്കാവുന്ന അപ്രതീക്ഷിത അപകടങ്ങള്‍ക്ക് കാരണമാകുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

എല്ലാ ഡ്രൈവര്‍മാരും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും സ്വന്തം സുരക്ഷയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്ന സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ പാലിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് അപകടങ്ങള്‍ കുറക്കാനും സുഗമമായ വാഹന ഗതാഗതത്തിനും സഹായിക്കും. ഇത് ഡ്രൈവര്‍മാര്‍ക്കിടയിലെ അവബോധത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നിലവാരം പ്രതിഫലിപ്പിക്കുന്നതായും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.