കുവൈത്ത് സിറ്റി– ബയാൻ സബർബിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറിൽ നിന്ന് പോലീസ് ലഹരി മരുന്നുകളും ആയുധങ്ങളും കണ്ടെടുത്തു. 50 വയസുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ലഹരി നിയന്ത്രണ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഹവല്ലി പോലീസ് പട്രോൾ സംഘം സ്ഥലത്തെത്തിയത്. പരിശോധനയിൽ ഡ്രൈവർമാരിൽ ഒരാൾ ലഹരിയിലാണ് കണ്ടെത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംശയത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രാസവസ്തുക്കൾ, ലഹരി ഉപയോഗ ഉപകരണങ്ങൾ, എയർ റൈഫിൾ, സുരക്ഷാ ഉദ്യോഗസ്ഥർ സാധാരണയായി ഉപയോഗിക്കുന്ന ഒരു ഫ്‌ലാഷ്‌ലൈറ്റ് എന്നിവ അടങ്ങിയ ബാഗ് കണ്ടെടുത്തു. പിടിച്ചെടുത്ത സാധനങ്ങളും പ്രതിയെയും കൂടുതൽ അന്യേഷണത്തിനും നിയമനടപടികൾക്കുമായി ജനറൽ ഡ്രഗ് ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് കൈമാറി.