മനാമ– ഉപയോഗ്യ ശൂന്യവും കാലാവധി കഴിഞ്ഞതുമായ 14,000 ഭക്ഷ്യ ഉത്പന്നങ്ങൾ നശിപ്പിച്ച് ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രാലയം. ഇതിനു പുറമെ ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ചവർക്കെതിരെ വൻതുക പിഴയും, ജയിൽ ശിക്ഷയും വിദേശികൾക്ക് ആജീവനാന്ത വിലക്കും കോടതി വിധിച്ചു.

കാലാവധിയിൽ കൃത്രിമം കാണിച്ച് വിൽക്കാൻ ശ്രമിക്കുകയോ, നശിപ്പിക്കാതെ വെക്കുകയോ ചെയ്ത ഭക്ഷ്യ പദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്നതും പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നതുമായ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലെ ഏക ഔദ്യോഗിക മാലിന്യ സംസ്‌കരണ പ്ലാന്റായ അസ്‌കർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ 21 ട്രക്കുകളിൽ എത്തിച്ചാണ് ഫ്രോസൻ മാസം, മിഠായികൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ നശിപ്പിച്ചത്.