കുവൈത്ത് സിറ്റി – സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. പൊതു ധാര്‍മികത ലംഘിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് ക്രിമിനല്‍ കോടതി കുവൈത്തി യുവാവിനെ മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.

പ്രതിക്ക് 5,000 കുവൈത്തി ദീനാര്‍ (ഏകദേശം 14.5 ലക്ഷം രൂപ) പിഴ ചുമത്തിയിട്ടുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സൈബര്‍ ക്രൈം വകുപ്പ് നടത്തിയ രഹസ്യാന്വേഷണങ്ങളില്‍ പ്രതി അധാര്‍മിക പ്രവൃത്തികള്‍ ചെയ്തതായും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് അനാശാസ്യം പരസ്യമായി പ്രോത്സാഹിപ്പിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
രേഖപ്പെടുത്തിയ റെക്കോര്‍ഡിംഗുകളും ഇലക്‌ട്രോണിക് ആശയവിനിമയങ്ങളും പ്രതിക്കെതിരായ തെളിവായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ പോസ്റ്റുകളെ സാമൂഹിക മൂല്യങ്ങളുടെ നഗ്‌നമായ ലംഘനം എന്നും ഗുരുതരമായ നിയമ ലംഘനം എന്നും സൈബര്‍ ക്രൈം വകുപ്പ് റിപ്പോര്‍ട്ട് വിശേഷിപ്പിച്ചു. സമാനമായ കുറ്റകൃത്യങ്ങള്‍ തടയാനും രാജ്യത്തിന്റെ ധാര്‍മിക ഘടന സംരക്ഷിക്കാനും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സൈബര്‍ ക്രൈം വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിധിക്കെതിരെ അപ്പീലുമായി പ്രതി മുന്നോട്ടു പോകുമെന്നും സൂചനയുണ്ട്.