ദുബൈ: പ്രമുഖ അന്താരാഷ്ട്ര എയർലൈൻ കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഒക്ടോബർ 1 മുതൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അധികൃതർ അറിയിച്ചു.

പുതിയ മാറ്റങ്ങൾ പ്രകാരം 100Wh-ൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ യാത്രക്കാർക്ക് കൊണ്ടുപോകാൻ അനുവാദമുണ്ടാകൂ. എന്നാൽ, വിമാനയാത്രയ്ക്കിടെ പവർബാങ്ക് ഉപയോഗിക്കാനോ വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് ചാർജ് ചെയ്യാനോ കഴിയില്ല.
പവർ ബാങ്കിന്റെ കപ്പാസിറ്റി റേറ്റിംഗ് വ്യക്തമായി കാണിച്ചിരിക്കണം. ഇത് ഓവർഹെഡ് ബിന്നിൽ സൂക്ഷിക്കാൻ പറ്റില്ല. സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലോ സൂക്ഷിക്കണം. കൂടാതെ, ചെക്ക് ചെയ്ത ലഗേജിൽ പവർ ബാങ്കുകൾ അനുവദിക്കുകയും ഇല്ല.
സമഗ്രമായ സുരക്ഷാ അവലോകനത്തിൽ എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് വഴിയുള്ള അപകട സാധ്യത കണ്ടെത്തിയിരുന്നു. യാത്രയ്ക്കിടെ ഉപകരണങ്ങൾ റീചാർജ് ചെയ്യാൻ കഴിയുന്ന ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ ബാറ്ററികളാണ് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത്. കേടുപാടുകൾ സംഭവിച്ചാലോ അമിതമായി ചാർജ് ചെയ്താലോ ഈ ബാറ്ററികൾ അമിതമായി ചൂടാകാനും തീപിടിക്കാനും സാധ്യതയുണ്ട്. തീപിടുത്തങ്ങൾ, സ്‌ഫോടനങ്ങൾ, വിഷവാതകം പുറന്തള്ളൽ എന്നിവയ്ക്കും ഇത് കാരണമാകും.
പല പവർ ബാങ്കുകളിലും അമിതമായി ചാർജ് ചെയ്യുന്നത് തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ലഘൂകരിക്കുന്നതിന് വേണ്ടിയാണ് എമിറേറ്റ്‌സ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.