ജിദ്ദ – ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെ തന്നെ എല്ലാ സവിശേഷതകളോടും കൂടി നുസുക് ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കി ഹജ്, ഉംറ മന്ത്രാലയം. സൗദി ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനികളായ എസ്.ടി.സി, മൊബൈലി, സൈന്‍ എന്നിവയുമായി സഹകരിച്ച് നടപ്പാക്കിയ പുതിയ സേവനത്തിലൂടെ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും ഹജ്, ഉംറ സേവനങ്ങളുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

സൗദി ടെലികോം സിം ഉപയോക്താക്കളായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഡാറ്റാ പ്ലാനോ യഥാര്‍ഥ ഇന്റര്‍നെറ്റ് കണക്ഷനോ ആവശ്യമില്ലാതെ നുസുക് ആപ്പ് പ്രവര്‍ത്തിപ്പിക്കാനും പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യല്‍, ബുക്കിംഗുകള്‍, ആപ്പ് നല്‍കുന്ന മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ അടക്കം അതിന്റെ എല്ലാ സേവനങ്ങളും പ്രയോജനപ്പെടുത്താനും സാധിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് ഡോ. ഗസ്സാന്‍ അല്‍നുവൈമി വ്യക്തമാക്കി. ഹജ് തീര്‍ഥാടകര്‍, ഉംറ തീര്‍ഥാടകര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് അവരുടെ കര്‍മങ്ങള്‍ നിര്‍വഹിക്കാനും സേവനങ്ങള്‍ക്കിടയില്‍ സുഗമമായും എളുപ്പത്തിലും നാവിഗേറ്റ് ചെയ്യാനും പ്രാപ്തമാക്കുന്നതില്‍ പുതിയ സേവനം ഗുണപരമായ കുതിപ്പാണ്.
റൗദ ശരീഫ് സിയാറത്ത് പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യല്‍, ഹറമൈന്‍ ട്രെയിന്‍ റിസര്‍വേഷനുകള്‍, നുസുക് മാപ്പുകള്‍ വഴി നാവിഗേറ്റ് ചെയ്യല്‍, നുസുക് എ.ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സവിശേഷത ഉപയോഗിക്കല്‍, പരാതികള്‍ നല്‍കല്‍, അന്വേഷണങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഇന്റര്‍നെറ്റ് ഡാറ്റ വിനിയോഗിക്കാതെ ഉപയോഗിക്കാമെന്നതിനാല്‍ പുതിയ സേവനം സന്ദര്‍ശക അനുഭവത്തെ പോസിറ്റീവായി സ്വാധീനിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു.
തീര്‍ഥാടകരുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന് ടെലികോം കമ്പനികളും ഹജ്, ഉംറ മന്ത്രാലയവും തമ്മിലുള്ള ഈ സഹകരണം പ്രധാന ചുവടുവെപ്പാണെന്ന് നുസുക് പ്ലാറ്റ്ഫോം സി.ഇ.ഒ എന്‍ജിനീയര്‍ അഹ്മദ് അല്‍മൈമാന്‍ പറഞ്ഞു. ഹജും ഉംറയും നിര്‍വഹിക്കുകയും റൗദ ശരീഫ് സന്ദര്‍ശിക്കുകയും അടക്കം തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാന്‍ ഇത് സഹായിക്കും. ഇത് ആള്‍ക്കൂട്ട മാനേജ്മെന്റ് കാര്യക്ഷമത വര്‍ധിപ്പിക്കുകയും സന്ദര്‍ശകര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും തല്‍ക്ഷണം ലഭ്യമാക്കുകയും വഴിതെറ്റുന്ന തീര്‍ഥാടകരുടെ എണ്ണം കുറക്കാന്‍ സഹായിക്കുകയും റൗദ ശരീഫില്‍ പ്രവേശിക്കുമ്പോള്‍ പെര്‍മിറ്റുളുടെ റീഡിംഗ്, വെരിഫിക്കേഷന്‍ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുമെന്ന് അഹ്മദ് അല്‍മൈമാന്‍ പറഞ്ഞു.
ഹജ്, ഉംറ സേവനങ്ങളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കാനും ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുക്കുന്ന സംയോജിത സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനുമുള്ള ഹജ്, ഉംറ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സംരംഭം നടപ്പാക്കിയിരിക്കുന്നത്.