ജിദ്ദ – സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ അനുഗ്രവും ആശ്വാസവുമായി സമഗ്ര ദേശീയ ആപ്ലിക്കേഷന്‍ ആയ തവക്കല്‍നായിലെ ഡിജിറ്റല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ഇനി മുതല്‍ ലോകത്തെവിടെയും ലഭിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ആയിരത്തിലധികം സേവനങ്ങളിലേക്ക് പ്രവേശനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിഷ്‌കരണത്തിന്റെ ഭാഗമായാണ് തവക്കല്‍ല്‍നാ സേവനം ലോകമെമ്പാടും ലഭ്യമാക്കുന്നത്. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും സമഗ്രമായ ദേശീയ പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്‍നിര രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്താനുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

പാസ്പോര്‍ട്ടുകള്‍, ദേശീയ ഐ.ഡി കാര്‍ഡുകള്‍, ലേബര്‍ കാര്‍ഡുകള്‍ തുടങ്ങിയ ഔദ്യോഗിക ഉപയോക്തൃ കാര്‍ഡുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം അടക്കം വിവിധ സേവനങ്ങളിലൂടെ തവക്കല്‍നാ ആപ്ലിക്കേഷന്‍ സ്വദേശികളുടെയും സൗദിയില്‍ കഴിയുന്ന വിദേശികളുടെയും സന്ദര്‍ശകരുടെയും വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നു. രാജ്യത്തിന് പുറത്തുനിന്ന് വരുന്ന തീര്‍ഥാടകരുടെ അവബോധം വളര്‍ത്താനുള്ള ശ്രമങ്ങളെയും ആപ്ലിക്കേഷന്‍ പിന്തുണക്കുന്നു. ഉംറ പെര്‍മിറ്റുകള്‍ കാണല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനിലൂടെ ലഭ്യമായ സേവനങ്ങളെ കുറിച്ച് അറിയാനും തീര്‍ഥാടകര്‍ക്ക് സാധിക്കും. ഇരു ഹറമുകളിലും ഏറ്റവും തിരക്കേറിയ സമയങ്ങളും ഹറമുകളും റൗദ ശരീഫും സന്ദര്‍ശിക്കാന്‍ ഉചിതമായ സമയങ്ങളും അറിയാനും തവക്കല്‍നാ ആപ്പ് തീര്‍ഥാടകരെ പ്രാപ്തരാക്കുന്നു. ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരെ സൗദിയില്‍ എത്തുന്നതിനു മുമ്പ് സ്വന്തം രാജ്യങ്ങളില്‍ വെച്ച് ഉംറ പെര്‍മിറ്റുകള്‍ ബുക്ക് ചെയ്യാനും ആപ്പ് അനുവദിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, നീതി, ടൂറിസം, വിനോദ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ സുപ്രധാനമായ മേഖലകളിലെ സര്‍ക്കാര്‍ സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സംഭാവന നല്‍കുന്ന സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് തവക്കല്‍നാ ആപ്ലിക്കേഷന്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും കാര്യങ്ങള്‍ സുഗമമാക്കാനും ഉയര്‍ന്ന സാങ്കേതികവിദ്യയും വിശ്വാസ്യതയുമുള്ള ആപ്ലിക്കേഷനിലൂടെ അവരുടെ സമയവും അധ്വാനവും ലാഭിക്കാനും തവല്‍ക്കനാ സഹായിക്കുന്നു. തവക്കല്‍നാ ആപ്പ് ഉപയോക്താക്കളുടെ എണ്ണം 3.4 കോടിയിലേറെയായി ഉയര്‍ന്നിട്ടുണ്ട്. പത്തു ലക്ഷത്തിലേറെ സജീവ ഗുണഭോക്താക്കള്‍ ദൈനംദിനം തവക്കല്‍നാ ആപ്പ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.