റിയാദ് : ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസില്‍ പ്രവാസി അടക്കം മൂന്നു പേരെ റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചും വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെയും റിയാദില്‍ മൊബൈല്‍ ഫോണ്‍ ആക്‌സസറീസ് സ്ഥാപനം സ്വന്തം നിലക്ക് നടത്തിയ യെമനി പൗരന്‍ അബ്ദുല്‍ഫത്താഹ് അബ്ദുല്‍വാഹിദ് ഉസ്മാന്‍, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരനായ ഹമൂദ് ഗാനിം അല്‍നജ്‌റാനി, ഇദ്ദേഹത്തിന്റെ മകന്‍ റാശിദ് ഹമൂദ് അല്‍നജ്‌റാനി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മൂവര്‍ക്കും കോടതി 15,000 റിയാല്‍ പിഴ ചുമത്തി.

ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു. ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് കുറ്റക്കാരായ സൗദി പൗരന്മാര്‍ക്ക് വിലക്കുമേര്‍പ്പെടുത്തി. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകരില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്. യെമനിയെ സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും മൂവരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.

റിയാദില്‍ മൊബൈല്‍ ഫോണ്‍ ആക്‌സസറീസ് സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ സ്ഥാപനം യെമനി പൗരന്‍ സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. സെയില്‍സ്മാന്‍ പ്രൊഫഷനിലുള്ള വിസയില്‍ സൗദിയില്‍ കഴിയുന്ന യെമനി ഈ പ്രൊഫഷന് നിരക്കാത്ത നിലക്ക് വന്‍തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായും നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ സമ്പാദിക്കുന്ന പണം വിദേശത്തേക്ക് അയക്കുന്നതായും കണ്ടെത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമനടപടികള്‍ സ്വീകരിക്കാന്‍ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
സൗദിയില്‍ ബിനാമിയായി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് കൂട്ടുനില്‍ക്കു സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടപ്പിക്കല്‍, ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കല്‍, ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സ്വദേശികളായ നിയമ ലംഘകര്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍, നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കല്‍, നിയമ ലംഘകരായ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തല്‍ എന്നീ ശിക്ഷാ നടപടികളും നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കും.