കുവൈത്ത് സിറ്റി– കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം പിടികൂടി കുവൈത്ത് പൊലീസ്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ടു ഇന്ത്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തു. കണ്ടെയ്നർ ഒഴിഞ്ഞതാണെന്നു തെറ്റിദ്ധരിപ്പിച്ച് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് അധികൃതരും നാർക്കോട്ടിക് കൺട്രോൾ വകുപ്പും ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രധാന പ്രതി വിദേശത്താണെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിനു കിട്ടിയ വിവരം.

ഷുഐബ് പോർട്ട് വഴി എത്തിയ കണ്ടെയ്‌നറിനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്താൽ പരിശോധിച്ചത്. പ്രാത്ഥമിക പരിശോധനയിൽ കണ്ടെയ്നർ കാലിയായി തോന്നിയെങ്കിലും വിശദ പരിശോധനയിൽ കണ്ടെയ്‌നറിന്റെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിൽ അറകളും അതിനുള്ളിൽ പായ്ക്ക് ചെയ്ത മദ്യക്കുപ്പികളും കണ്ടെത്തുകയായിരുന്നു.

ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസും, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്നാണ് അന്വേഷണ പ്രവർത്തനം ശക്തമാക്കിയത്. കണ്ടെയ്‌നർ ലക്ഷ്യസ്ഥാനത്തേക്ക് എത്തുമ്പോൾ പിടികൂടാനായി, ഉദ്യോഗസ്ഥർ മുൻകൂട്ടിയുള്ള ആസൂത്രണത്തിലൂടെയാണ് നടപടി എടുത്തത്.
അഹമ്മദി മേഖലയിലെ ഒരു വെയർഹൗസിൽ കണ്ടെയ്‌നർ സ്വീകരിക്കാൻ തയ്യാറായിരുന്ന രണ്ട് ഇന്ത്യക്കാരെയാണ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഇവർക്ക് നിർദ്ദേശം നൽകിയിരുന്നത് ഇന്ത്യയിൽ നിന്നുള്ള ഒരാളായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
ഇതുവരെ കണ്ടെത്തിയതിൽ നിന്നും വലിയ കള്ളക്കടത്ത് ശൃംഖലയെ ഇത് ബന്ധപ്പെടുത്തുന്നതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും ഇടനിലക്കാരെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്