ദുബായ് – ഈ വര്‍ഷം ആദ്യ പകുതിയില്‍ 98.8 ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകള്‍ ദുബായ് സന്ദര്‍ശിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദുബായ് സാമ്പത്തിക അജണ്ട ഡി-33 ല്‍ നിര്‍ണയിച്ചിരിക്കുന്നതുപോലെ, ലോകത്തെ ഏറ്റവും മികച്ച മൂന്ന് ആഗോള ടൂറിസം കേന്ദ്രങ്ങളില്‍ ദുബായ് നഗരത്തെ ഉള്‍പ്പെടുത്താനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ ദര്‍ശനത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു.
ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തവും ഫലപ്രദമായ ആഗോള മാര്‍ക്കറ്റിംഗ് തന്ത്രവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും ശൈഖ് ഹംദാന്‍ എക്‌സില്‍ എഴുതി.
2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ ദുബായ് 1.872 കോടി വിദേശ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഒമ്പതു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2023 ല്‍ 1.715 കോടി വിദേശ ടൂറിസ്റ്റുകളാണ് ദുബായ് സന്ദര്‍ശിച്ചത്.