റിയാദ്– മരുഭൂമിയില്‍ ആളൊഴിഞ്ഞ അമ്യൂസ്‌മെന്റ് പാര്‍ക്ക് ജിന്നുകളുടെ പാര്‍ക്കാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച. റിയാദ് ദമ്മാം ഹൈവേയില്‍ മരുഭൂമിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കാണുന്ന പാര്‍ക്കിനെ കുറിച്ചാണ് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. തായിഫിലെ അല്‍ഹദയിലെ ഗ്രീന്‍ മൗണ്ടന്‍ പാര്‍ക്കിലെ റൈഡ് പൊട്ടിവീണുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഈ ജിന്ന് പാര്‍ക്ക് ശ്രദ്ധാകേന്ദ്രമായത്.
റിയാദ് ദമ്മാം ഹൈവേയിലൂടെ സഞ്ചരിക്കുന്നവര്‍ക്കെല്ലാം റോഡ് സൈഡിലെ കുന്നിന്‍ചെരുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആളൊഴിഞ്ഞ പാര്‍ക്കും അതിലെ റൈഡും കാണാം. മനുഷ്യപെരുമാറ്റമില്ലാത്തതിനാല്‍ അധികമാരും അങ്ങോട്ട് പോകാറില്ല. അത് കൊണ്ടാണ് അതിന് ജിന്നുകളുടെ റൈഡെന്നും പാര്‍ക്കെന്നും പേര് വീണത്. അവിടെ ജിന്നുകളുണ്ടെന്നും അതിനടുത്തേക്ക് പോയാല്‍ ഉപദ്രവമുണ്ടാകുമെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

യഥാര്‍ഥത്തില്‍ സൗദിയിലെ ബിസിനസ് പ്രമുഖനായ അബ്ദുറഹ്മാന്‍ അല്‍ഫഹദിന്റെ സ്വപ്‌നമായിരുന്നു ഈ പാര്‍ക്ക്. 2006ല്‍ പാര്‍ക്കുകള്‍ കൂടുതലൊന്നും ഇല്ലാത്ത കാലത്ത് ഈ ഭാഗത്ത് പാര്‍ക്കും റൈഡും റെസ്റ്റോറന്റുകളുമൊക്കെ സ്ഥാപിച്ച് യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതിയായിരുന്നു ഇത്. റൈഡ് സ്ഥാപിച്ചാല്‍ ഫാമിലികളെ കൂടുതല്‍ ആകര്‍ഷിക്കാമെന്നും അദ്ദേഹം കണക്കുകൂട്ടി.
സ്വന്തം കമ്പനിയായ അല്‍ഫഹദ് കോണ്‍ട്രാക്ടിംഗ് കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. യുഎഇയിലെ റാസല്‍ ഖൈമയില്‍ നിന്ന് ഭീമന്‍ റൈഡ് വാങ്ങി പ്രത്യേക ട്രക്കില്‍ ഇവിടെയെത്തിച്ചു. റൈഡ് സ്ഥാപിക്കുകയും മറ്റു പ്രവൃത്തികള്‍ പുരോഗമിക്കുകയും ചെയ്തു. അതിനിടെയാണ് ഉടമയായ അബ്ദുറഹ്മാന്‍ അല്‍ഫഹദിന്റെ ആകസ്മിക നിര്യാണം ഉണ്ടായത്. വൈകാതെ പദ്ധതി നിശ്ചലമായി. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായില്ല. പാതി വഴിയില്‍ പദ്ധതിയുപേക്ഷിച്ച് കമ്പനി മറ്റു വഴികളിലേക്ക് തിരിഞ്ഞു. കമ്പനി ഉടമകള്‍ പിന്നീട് ഈ ഭാഗത്തേക്ക് എത്തിയതുമില്ല.
വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഭീമന്‍ റൈഡ് മാത്രമായി. അതോടെയാണ് ജിന്നുകളുടെ റൈഡാണെന്നും രാത്രി കാലങ്ങളില്‍ പല ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്.