ജിദ്ദ – സൗദിയില്‍ പബ്ലിക് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാർക്കും 50 ശതമാനം ടിക്കറ്റ് ഇളവ്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ടാക്‌സി, പബ്ലിക് ബസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനങ്ങള്‍ക്കുള്ള പുതിയ നിയമം അവസാന മിനുക്ക് പണിയിലാണ്. സൗദികളും വിദേശികളും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍, പ്രായമായവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗിക്കൊപ്പമുള്ള കൂട്ടാളി, ഭിന്നശേഷിക്കാർ എന്നിവര്‍ക്ക് 50 ശതമാനം ഇളവ് അനുവദിക്കും.

യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള സേവനം നല്‍കുക, സേവന ദാതാക്കള്‍ക്ക് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, ചെലവുകളിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുക്കുന്ന പ്രത്യേക ഗണിതശാസ്ത്ര മോഡലുകള്‍ ഉപയോഗിച്ച് പൊതുഗതാഗത മേഖലയില്‍ സ്വകാര്യ മേഖലാ നിക്ഷേപം വര്‍ധിപ്പിക്കുക എന്നിവയാണ് ഉടന്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
നഗരങ്ങള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന എല്ലാതരം പബ്ലിക് ബസുകള്‍ക്കുമുള്ള ടിക്കറ്റ് നിരക്ക് നിര്‍ണയവും നിര്‍ബന്ധിത ടിക്കറ്റ് ഇളവും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. പുതിയ നിയമം അനുസരിച്ച്, സേവനം നല്‍കുന്നതിനുള്ള ചെലവ് പോലുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി എയര്‍പോര്‍ട്ട് ടാക്‌സികള്‍ക്കും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷന്‍ ടാക്‌സികള്‍ക്കും അധിക ഫീസ് ചുമത്തും.
ദീര്‍ഘദൂര ടാക്‌സി സര്‍വീസ് നിരക്ക് നിര്‍ണയ സംവിധാനവുമായി ബന്ധപ്പെട്ട്, യാത്രയുടെ തുടക്കം മുതല്‍ അതോറിറ്റി നിര്‍ണ്ണയിക്കുന്ന ദൂരം വരെയുള്ള ടാക്‌സി സര്‍വീസുകള്‍ക്ക് നിയമത്തിലെ രണ്ടാമത്തെ ഖണ്ഡികയില്‍ വിവരിച്ചിരിക്കുന്ന നിരക്ക് നിര്‍ണയം ഉപയോഗിക്കും. അതിനുശേഷം, യാത്രയുടെ ബാക്കി വരുന്ന ദൂരത്തിന് കിലോമീറ്ററിന് 50 ശതമാനം ഇളവ് ബാധകമാണ്. റോഡ് ടോള്‍ പോലുള്ള മറ്റ് ഫീസുകള്‍ യാത്രക്കാരന്‍ വഹിക്കണം.
50 ശതമാനം കുടുംബങ്ങളും ദിവസേന പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണക്ക് അനുസരിച്ച് അടിസ്ഥാന ഗതാഗതത്തിനായി (ജോലി അല്ലെങ്കില്‍ പഠനം) ഒരാള്‍ക്ക് രണ്ട് യാത്രകള്‍ എന്ന തോതില്‍ ഒരു ദിവസം പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനുള്ള ചെലവ് ശരാശരി ദൈനംദിന കുടുംബ വരുമാനത്തിന്റെ അഞ്ചു ശതമാനവും ദീര്‍ഘദൂര (സബര്‍ബന്‍) യാത്രകള്‍ക്കുള്ള ചെലവ് ശരാശരി ദൈനംദിന കുടുംബ വരുമാനത്തിന്റെ 10 ശതമാനവും കവിയാന്‍ പാടില്ലെന്ന് നിര്‍ദിഷ്ട നിയമം പറയുന്നു. ഇതിനനുസരിച്ചാണ് നിരക്കുകള്‍ നിശ്ചയിക്കുക.