മനാമ– ലോക ശ്വാസകോശ അർബുദ ദിനത്തിൽ ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യപ്രവർത്തകർ. 2025 ൽ പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം ബഹ്റൈനിൽ 15 വയസ്സിനുമുകളിലുള്ള 18% ആളുകളും പുകവലി ശീലമാക്കിയവരാണെന്ന് ബഹ്റൈൻ ആന്റി സ്മോക്കിംഗ് സൊസൈറ്റി അംഗവും ജനറൽ പ്രാക്ടീഷണറുമായ ഡോ. ഫാത്തിമ അൽമാത്രൂക്ക് പറഞ്ഞു. എത്രയും പെട്ടെന്ന് പുകവലി ഉപേക്ഷിക്കുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പുകയിലയിൽ 7,000-ത്തിലധികം രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ 70-ലധികവും കാൻസറിന് കാരണമാകുന്നതാണ്. ഈ വസ്തുക്കൾ ശ്വാസകോശത്തിലെയും ശ്വസനവ്യവസ്ഥയിലെയും കോശങ്ങളെ നശിപ്പിക്കുകയും കാലക്രമേണ കാൻസറിന് കാരണമാകുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള 85-90% ശ്വാസകോശ അർബുദ കേസുകളും നേരിട്ടോ അല്ലാതെയോ പുകവലിയുമായി ബന്ധപ്പെട്ടതാണെന്ന് ഡോ.ഫാത്തിമ പറഞ്ഞു.