ജിദ്ദ : ഗാര്‍ഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച പരസ്യങ്ങളില്‍ വിദേശ തൊഴിലാളികളുടെ ഫോട്ടോകളും വീഡിയോകളും ഉപയോഗിക്കുന്നത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിലക്കുന്നു. ഇത്തരം പരസ്യങ്ങളില്‍ പാലിക്കേണ്ട ഒരു കൂട്ടം നിയന്ത്രണങ്ങളും വ്യവസ്ഥകളും മന്ത്രാലയം നിര്‍ദേശിച്ചു. ഗാര്‍ഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച പരസ്യങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ (ഇസ്തിത്‌ലാഅ്) പരസ്യപ്പെടുത്തി.

വിദേശ തൊഴിലാളികളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും അന്തസ്സിനെ ഹനിക്കുന്ന ഏതെങ്കിലും പദങ്ങളോ വാക്യങ്ങളോ പരസ്യത്തില്‍ ഉണ്ടാകരുത് എന്നതാണ് വ്യവസ്ഥകളില്‍ ഏറ്റവും പ്രധാനം. തെറ്റായ ഓഫറുകളും ക്ലെയിമുകളും അടങ്ങിയതും, ഉപഭോക്താക്കളെ നേരിട്ടോ അല്ലാതെയോ വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന വാക്യങ്ങള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയതും ആയ പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദിഷ്ട വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു.
പരസ്യ ഉള്ളടക്കത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പേരോ ലോഗോയോ മുസാനിദ്, അജീര്‍ പോലുള്ള അനുബന്ധ പ്ലാറ്റ്ഫോമുകളുടെ ലോഗോകളോ നേരിട്ടും അല്ലാതെയും ഉപയോഗിക്കുന്നതും പുതിയ വ്യവസ്ഥകള്‍ വിലക്കുന്നു. പരസ്യത്തില്‍ ഉപയോഗിക്കുന്ന ഭാഷ അറബി ആയിരിക്കണം. അറബിക് ഉള്ളടക്കവുമായി പൊരുത്തപ്പെടുന്ന നിലക്ക് മറ്റേതെങ്കിലും ഭാഷയും പരസ്യത്തില്‍ ചേര്‍ക്കാവുന്നതാണ്. ലൈസന്‍സിയുടെ പേരും ലോഗോയും ട്രേഡ് മാര്‍ക്കും, സേവനം ലൈസന്‍സി നല്‍കുന്നതാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും പരസ്യത്തില്‍ ഉള്‍പ്പെടുത്തണം.
തൊഴിലാളികളുടെ അനുമതിയില്ലാതെ അവരെ കാണിക്കുന്നതും അവരുടെ കാരിക്കേച്ചറുകള്‍ സൃഷ്ടിക്കുന്നതും പരസ്യത്തില്‍ അവരെക്കുറിച്ചുള്ള ഏതെങ്കിലും സൂചന നല്‍കുന്നതും നിര്‍ദിഷ്ട വ്യവസ്ഥകള്‍ നിരോധിക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. തൊഴിലാളികളുടെ അംഗീകാരം നേടിയശേഷം മാത്രം അവരുടെ സിവികള്‍ പ്രദര്‍ശിപ്പിക്കാനും പരസ്യപ്പെടുത്താനും അനുവാദമുണ്ട്.
ജോലി അഭിമുഖങ്ങള്‍ക്കിടയില്‍ തൊഴിലാളികളെ ഗ്രൂപ്പുകളായി പ്രദര്‍ശിപ്പിക്കരുതെന്നും അഭിമുഖങ്ങള്‍ വ്യക്തിഗത അഭിമുഖങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും കരട് വ്യവസ്ഥ ചെയ്യുന്നു. മികച്ച രാജ്യക്കാര്‍, ഏറ്റവും കുറഞ്ഞ ശമ്പളം, ഇഷ്ടപ്പെട്ട മതം തുടങ്ങിയ പദപ്രയോഗങ്ങളുടെ ഉപയോഗം ഉള്‍പ്പെടെ ദേശീയത, മതം, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ ചെലവ്, ശമ്പളം എന്നിവയെ അടിസ്ഥാനമാക്കി ഒരുവിധ വിവേചനങ്ങളും പരസ്യങ്ങളില്‍ കാണിക്കരുത്. പരസ്യ ഉള്ളടക്കത്തില്‍ മറ്റ് ലൈസന്‍സികള്‍ നല്‍കുന്ന സേവനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരുവിധ നെഗറ്റീവ് വാചകങ്ങളും ഉള്‍പ്പെടുത്താനും പാടില്ല. സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റത്തിനുള്ള സാമ്പത്തിക ചെലവ് ഗാര്‍ഹിക തൊഴിലാളിയില്‍ നിന്ന് ഈടാക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു വാചകവും പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നും കരട് വ്യവസ്ഥ ചെയ്യുന്നു.
സ്‌പോണ്‍സര്‍ഷിപ്പ് കൈമാറുന്നതിന് നിലവിലെ തൊഴിലുടമ കമ്മീഷനായോ ഫീസായോ ഏതെങ്കിലും പേരില്‍ പണം സ്വീകരിക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നതും കരട് വിലക്കുന്നു. റിക്രൂട്ട്മെന്റിനും സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റ സേവനങ്ങള്‍ക്കും മധ്യസ്ഥത വഹിക്കുന്ന സ്ഥാപനങ്ങള്‍ മുസാനിദ് പ്ലാറ്റ്ഫോം വഴി മാത്രമേ പേയ്മെന്റുകള്‍ നടത്താവൂ. പ്ലാറ്റ്ഫോമിന് പുറത്ത് പണം ഈടാക്കുന്നതിന് വിലക്കുണ്ട്.
തൊഴിലുടമകളും തൊഴിലാളികളും അടക്കമുള്ള ഗുണഭോക്താക്കളിലേക്ക് എത്തുന്ന എല്ലാ പരസ്യ, പ്രസിദ്ധീകരണ മാധ്യമങ്ങളിലുമുള്ള സ്വദേശികള്‍, വിദേശികള്‍, സ്ഥാപനങ്ങള്‍, പരസ്യദാതാക്കള്‍, റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, തൊഴിലാളി സേവനങ്ങള്‍ നല്‍കുന്നവര്‍, പരസ്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം ഈ വ്യവസ്ഥകള്‍ ബാധകമാണ്.
ഗാര്‍ഹിക തൊഴിലാളി സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിപണനം ചെയ്യാനും ലക്ഷ്യമിട്ട് പ്രസ്താവന, എഴുത്ത്, വാമൊഴി, ഓഡിയോ, വീഡിയോ എന്നിവ പ്രസിദ്ധീകരിക്കാനും പ്രദര്‍ശിപ്പിക്കാനും പ്രക്ഷേപണം ചെയ്യാനും ഉപയോഗിക്കുന്ന മാര്‍ക്കറ്റിംഗ്-പരസ്യ പ്ലാറ്റ്ഫോമുകള്‍, ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകള്‍, എസ്.എം.എസ്സുകള്‍, ഇ-മെയില്‍ സന്ദേശങ്ങള്‍, തെരുവുകളിലെ ബില്‍ബോര്‍ഡുകള്‍, സാഷ്യല്‍ മീഡിയ, മറ്റു സാങ്കേതിക വിവരദായക മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്.
പ്രക്ഷേപണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളി പരസ്യ ഉള്ളടക്കത്തിന് വ്യക്തവും നിര്‍ദിഷ്ടവുമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉറപ്പാക്കുകയാണ് കരടിന്റെ ലക്ഷ്യം. ഇത് ക്രമരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ കുറക്കാനും ഉപഭോക്താക്കളെ സംരക്ഷിക്കാനും സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാനും ഗാര്‍ഹിക തൊഴിലാളികളുടെ ജോലിയും റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.