ജിദ്ദ : 10 വയസിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നത് സുരക്ഷിതമല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അപകട സാഹചര്യങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സാധ്യമായ പരിക്കുകൾ ഒഴിവാക്കാനും പിൻ സീറ്റാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് അധികൃതർ വ്യക്തമാക്കി.

കൂട്ടിയിടികളിൽ മുൻ സീറ്റിൽ ഇരിക്കുന്ന കുട്ടികൾക്ക് ഗുരുതര പരിക്കുകൾ ഏൽക്കാനുള്ള സാധ്യത ഉയർന്നാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ബോധവൽക്കരണ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. യാത്രയ്ക്കിടെ കുട്ടികൾ ചൈൽഡ് സീറ്റ് ഉപയോഗിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.
കുട്ടികളുടെ സുരക്ഷ മുൻഗണനയായി കണക്കാക്കണമെന്നും മാതാപിതാക്കൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സാമൂഹിക അവബോധം വളർത്താൻ പൊതുജനങ്ങളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.