ദോഹ– ഏറെ എളുപ്പത്തിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുന്ന സംവിധാനം അവതരിപ്പിച്ച് ഖത്തറിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ മെട്രാഷ് മൊബൈൽ ആപിലൂടെയാണ് ഈ സേവനം ലളിതമാക്കിയിരിക്കുന്നത്.

അംഗീകൃത രജിസ്‌ട്രേഷനുള്ളതും ഗതാഗത നിയമലംഘന പിഴകൾ ഒന്നും ബാക്കിയില്ലാത്തതുമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാത്രമേ ആപ്പിലൂടെ മാറ്റാൻ കഴിയുകയുള്ളൂ. വിൽക്കുന്നവനും വാങ്ങുന്നവനും സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്ന രൂപത്തിലാണ് സംവിധാനം. ആപ്പിന്റെ അവസാനഘട്ടത്തിൽ നിർണായക സ്ഥിരീകരണവും സജ്ജമാക്കിയിട്ടുണ്ട്.
ആധുനിക ഇന്റർഫേസ്, ബയോമെട്രിക് ലോഗിൻ, വേഗത്തിലുള്ള നടപടി, എന്നീ പ്രത്യേകതയുള്ള മെട്രാഷ് ആപിൽ ഇതുകൂടാതെ നിരവധി ഓൺലൈൻ സേവനങ്ങളും ഉൾപെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥാവകാശ മാറ്റാൻ മെട്രാഷ് ആപ് തുറന്ന് ഹോം പേജിലെ ട്രാഫിക് സർവീസസ് എന്ന വിഭാഗത്തിൽ വാഹനങ്ങളുടെ ഓപ്ഷൻ തെരഞ്ഞെടുത്ത് ഓണർഷിപ്പ് ട്രാൻസ്ഫർ കൊടുക്കുക.
ശേഷം ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി വിൽപന അഭ്യർഥന സമർപ്പിക്കുക. വാങ്ങുന്നയാൾക്ക് മെട്രാഷ് ആപ് വഴി അറിയിപ്പ് ലഭിക്കുകയും അതിൽ വാഹന കൈമാറ്റം അംഗീകരിക്കുകയും ചെയ്തതിന് ശേഷം ഇടപാട് പൂർത്തിയാക്കുന്നതിനായി വിൽപനക്കാരൻ ആവശ്യമായ സർവീസ് ചാർജ് അടയ്ക്കുക.
ഇതുകൂടാതെ ഖത്തർ ഐഡി, റെസൻസി സ്റ്റാറ്റസ്, ഉപയോക്താക്കൾക്ക് പ്രൊഫൈൽ വിവരങ്ങൾ (പാസ്‌പോർട്ട് വിവരങ്ങൾ) അപ്‌ഡേറ്റ് ചെയ്യാനും, എന്തെങ്കിലും നഷ്ടപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും ആപിലൂടെ കഴിയും. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യാനും താമസ പെർമിറ്റ് സ്വയം പുതുക്കാൻ കഴിയുന്ന മെട്രാഷ് ആപ് അറബി, മലയാളം, ഉറുദു, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ ഉപയോഗിക്കാം.