ന്യൂയോർക്ക്: മധ്യപൗരസ്ത്യ മേഖലയിൽ സുരക്ഷയും സമാധാനവും കൈവരിക്കാൻ ഫലസ്തീൻ ജനതക്ക് നീതി ഉറപ്പാക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് സൗദി അറേബ്യയും ഫ്രാൻസും ചേർന്ന് സംഘടിപ്പിച്ച ടു-സ്റ്റേറ്റ് സൊല്യൂഷൻ ഉന്നതതല സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യ ദ്വിരാഷ്ട്ര പരിഹാരത്തെ പ്രാദേശിക സ്ഥിരതയ്ക്ക് നിർണായകമായി കാണുന്നു. ഈ സമ്മേളനം അതിനുള്ള നാഴികക്കല്ലാണെന്ന് വിദേശ മന്ത്രി ചൂണ്ടിക്കാട്ടി. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനത്തെ അദ്ദേഹം പ്രശംസിച്ചു. ഗാസയിലെ മാനുഷിക പ്രതിസന്ധി അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഫലസ്തീൻ ജനതക്ക് നീതിയുക്തവും ശാശ്വതവുമായ പരിഹാരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദ്വിരാഷ്ട്ര പരിഹാരം പ്രാദേശിക സ്ഥിരതക്ക് പ്രധാനമാണെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള നിര്‍ണായക നാഴികക്കല്ലാണ് ന്യൂയോര്‍ക്ക് സമ്മേളനം. ഫലസ്തീനിലേക്ക് 30 കോടി ഡോളറിന്റെ സഹായം ലോകബാങ്ക് മുഖേന കൈമാറ്റം ചെയ്യാൻ ഫ്രാൻസുമായി ചേർന്ന് സൗദി അറേബ്യക്ക് സാധിച്ചു. ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും തുടക്കം മുതൽ ഫലസ്തീൻ ജനതക്ക് തുടർച്ചയായ മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ നൽകാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. യു.എൻ റിലീഫ് ഏജൻസി, യൂനിസെഫ്, വേൾഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ യു.എൻ ഏജൻസികൾക്കും ഫലസ്തീൻ അതോറിറ്റിക്കും സൗദി അറേബ്യ പിന്തുണ നൽകിയിട്ടുണ്ട്.
അറബ് സമാധാന പദ്ധതിക്കും യു.എൻ പ്രമേയങ്ങൾക്കും അനുസൃതമായി, ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള സമയക്രമം നിർദേശിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. മേഖലയിലെ അക്രമങ്ങൾ അവസാനിപ്പിക്കുക, ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുക, അവരുടെ ന്യായമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുക എന്നിവയിലൂടെ നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തിന് അടിത്തറയിടാൻ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.