GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബിനാമി ബിസിനസ് കേസില്‍ പ്രവാസിയെയും സൗദി പൗരനയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു

റിയാദ് – ബിനാമി ബിസിനസ് കേസില്‍ സിറിയക്കാരനായ പ്രവാസിയെയും സൗദി പൗരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെയും സൗദിയിലെ നിയമങ്ങള്‍ ലംഘിച്ചും റിയാദില്‍ റെസ്‌റ്റോറന്റുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും വസ്തുക്കളും വില്‍ക്കുന്ന മേഖലയില്‍ സ്വന്തം നിലക്ക് ബിസിനസ് സ്ഥാപനം നടത്തിയ സിറിയക്കാരന്‍ ഇബ്രാഹിം ഗാസി അല്‍ബഗ്ദാദി, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുമഹ്മൂദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി 20,000 റിയാല്‍ പിഴ ചുമത്തി.


ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് സൗദി പൗരന് വിലക്കേര്‍പ്പെടുത്തി. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും കുറ്റക്കാരില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്. സിറിയക്കാരനെ സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും സിറിയക്കാരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും ഇരുവരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും വിധിയുണ്ട്.



സൗദിയില്‍ ബിനാമിയായി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും.

സ്ഥാപനം അടപ്പിക്കല്‍, ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കല്‍, ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുതില്‍ നിന്ന് സ്വദേശികളായ നിയമ ലംഘകര്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍, നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കല്‍, നിയമ ലംഘകരായ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തല്‍ എന്നീ ശിക്ഷാ നടപടികളും നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!