ജിദ്ദ: കാലാവധി തീര്‍ന്ന വിസിറ്റ് വിസകളില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക് ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടാന്‍ അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് 30 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അടുത്ത മാസം 26 (ഓഗസ്റ്റ്) വരെയാണ് പദ്ധതി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കാലാവധി തീര്‍ന്ന വിസിറ്റ് വിസക്കാര്‍ക്ക് പദവി ശരിയാക്കി രാജ്യം വിടാനുള്ള 30 ദിവസത്തെ പൊതുമാപ്പ് കഴിഞ്ഞ മാസം 27 നാണ് പ്രഖ്യാപിച്ചത്. ഇത് തീര്‍ന്നതോടെയാണ് പൊതുമാപ്പ് 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി ഇന്നലെ രാത്രി ജവാസാത്ത് അറിയിച്ചത്.

നിയമാനുസൃത ഫീസുകളും പിഴകളും അടച്ചാണ് വിസിറ്റ് വിസക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിലെ തവാസുല്‍ വിൻഡോ വഴി അപേക്ഷ നല്‍കിയാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ടത്. വിസിറ്റ് വിസാ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങുന്ന നിയമ ലംഘകര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു.

വിസിറ്റ് വിസക്കാരെ സൗദിയിലേക്ക് കൊണ്ടുവരാന്‍ വിസക്ക് അപേക്ഷിച്ചവരാണ് (സ്പോണ്‍സര്‍മാര്‍) ആനുകൂല്യത്തിനും അപേക്ഷ നൽകേണ്ടതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സദാദ് ബാങ്കിംഗ് പെയ്മെന്റ് ചാനലുകള്‍ വഴിയാണ് ഫീസും പിഴയും അടക്കേണ്ടത്. ഇതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിര്‍ ഇന്ഡിവിജ്വല്സില് സ്പോൺസറുടെ അക്കൗണ്ടിലെ തവാസുല്‍ സേവനം വഴി വിസ ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ സമര്‍പ്പിക്കണം.
ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട (ഹുറൂബാക്കല്‍) വിസിറ്റ് വിസക്കാര്‍ക്കും ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതിന് ആദ്യം ഇവരുടെ പേരിലുള്ള ഹുറൂബ് റദ്ദാക്കണം. സ്പോണ്‍സര്‍മാരില്ലാത്ത വിസിറ്റ് വിസക്കാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും. ഇവര്‍ ഡിജിറ്റല്‍ ഐജഡന്റിറ്റി ആക്ടിവേറ്റ് ചെയ്ത് അബ്ശിര്‍ പ്ലാറ്റ്ഫോമിലെ തവാസുല്‍ സേവനം വഴി അപേക്ഷ സമര്‍പ്പിക്കണം.
ബിസിനസ്, തൊഴില്‍, ഫാമിലി വിസിറ്റ്, സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അടക്കം കാലാവധി തീര്‍ന്ന എല്ലായിനം വിസകളിലും സൗദിയിൽ കഴിയുന്നവര്‍ക്ക് എളുപ്പത്തിലും നിയമാനുസൃതവും രാജ്യം വിടാന്‍ അവസരമൊരുക്കുകയാണ് പദ്ധതി ചെയ്യുന്നത്. വിസിറ്റ് വിസാ കാലാവധി അവസാനിച്ച് സൗദിയില്‍ തങ്ങുന്ന വിദേശികള്‍ക്കും ഇത്തരക്കാരെ വിസിറ്റ് വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്നവര്‍ക്കും പുതിയ പദ്ധതി ഏറെ ആശ്വാസകരമാണ്.
ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ ഫീസുകളും പിഴകളും അടച്ച് ഓണ്‍ലൈന്‍ ആയി തന്നെ വിസ ദീര്‍ഘിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവർക്ക് പദവി ശരിയാക്കി രാജ്യം വിടാന്‍ പുതിയ പദ്ധതി അവസരമൊരുക്കുന്നു. കാലാവധി അവസാനിച്ച വിസ ദീര്‍ഘിപ്പിക്കാനും പദവി ശരിയാക്കാനും ഒരു വകുപ്പിനെയും നേരിട്ട് സമീപിക്കേണ്ടതില്ല. വിസാ കാലാവധി അവസാനിച്ച് എത്ര കാലാമായി രാജ്യത്ത് കഴിയുന്നവർക്കും ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി പ്രയോജനപ്പെടുത്തി വിസ പുതുക്കി രാജ്യം വിടാവുന്നതാണ്.