ജിദ്ദ: അപ്രതീക്ഷിതമായി ട്രാക്ക് മാറുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 500 റിയാൽ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയുക്ത ട്രാക്ക് പരിധികൾ പാലിക്കാത്തതിന്റെ അപകടങ്ങളെക്കുറിച്ച് മന്ത്രാലയത്തിന്റെ എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ട് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നാണെന്നും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഡ്രൈവർമാർ ഗതാഗത നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിച്ച് സ്വന്തവും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ‘ഡ്രൈവിംഗ് ഒരു ഉത്തരവാദിത്തം’ എന്ന ശീർഷകത്തിൽ ഗതാഗത അവബോധം വർധിപ്പിക്കാൻ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് പെട്ടെന്നുള്ള ട്രാക്ക് മാറ്റത്തെക്കുറിച്ചുള്ള ബോധവത്കരണം. റോഡുകളിലെ തെറ്റായ പെരുമാറ്റം തടയുന്നതിനും ഗതാഗത അവബോധം വളർത്തുന്നതിനും രാജ്യത്തുടനീളം ഉയർന്ന സുരക്ഷാ നിലവാരം കൈവരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിൻ.
