അബുദാബി– അബുദാബിയിൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ‘വിസ് എയറി’ന്റെ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി ഇത്തിഹാദ് എയർവേയ്സ്. സെപ്റ്റംബർ 1 മുതലാണ് വിസ് എയർ പ്രവർത്തനം അബുദാബിയിൽ നിർത്തലാക്കുക.

വിസ് എയറിന്റെ അബുദാബിയിലെ ജീവനക്കാരെ നിയമിക്കാൻ പൂർണ്ണമായും തയ്യാറാണെന്നും തങ്ങൾക്ക് ആളുകളെ ആവശ്യമാണെന്നും
ഇത്തിഹാദ് എയർവേയ്സ് സിഇഒ അന്റോണോൾഡോ നെവെസ് പറഞ്ഞു. മറ്റ് വിമാനക്കമ്പനികളും ഇത് പരീക്ഷിക്കുമെന്നും അദ്ദേഹം ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള എയർലൈനുകളിൽ നിന്ന് സജീവമായി നിയമനങ്ങൾ നടത്തുന്നുണ്ടെന്നും അപേക്ഷകൾ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തനം നിർത്തിവെക്കുന്നതിനാൽ 450 ഓളം വിസ് എയർ അബുദാബി ജീവനക്കാർ അനിശ്ചിതാവസ്ഥയിലാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
വിസ് എയറിന്റെ സിഇഒ അബുദാബി ജീവനക്കാർക്ക് യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ പലർക്കും യൂറോപ്പിലേക്കുള്ള സ്ഥലംമാറ്റം വെല്ലുവിളി നിറഞ്ഞതാണ്. അതേസമയം, വിസ് എയറിന്റെ പ്രവർത്തനം പല ഇടങ്ങളിലേക്കും വിപുലീകരിക്കാനും പദ്ധതിയുണ്ട്.
കസാക്കിസ്ഥാൻ, അസർബൈജാൻ, അർമേനിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കാണ് പുതിയ റൂട്ടുകൾ അവതരിപ്പിക്കുന്നത്.
അതേസമയം, ഇത്തിഹാദ് എയർവേയ്‌സ് ആദ്യത്തെ എയർബസ് A321LR വിമാനവും സ്വന്തമാക്കി. ഇത് എയർലൈനിന്റെ ഫ്ലീറ്റ് വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
“ഈ വർഷം 2,500 പേരെ ഞങ്ങൾ നിയമിക്കുന്നുണ്ട്. ലോകമെമ്പാട് നിന്നും നിയമനം നടത്തുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് പ്രതിവർഷം 350 പൈലറ്റുമാരെയും പ്രതിവർഷം 1,500 ഫ്ലൈറ്റ് അറ്റൻഡന്റുമാരെയും നിയമിക്കാനാണ് പദ്ധതി. ഏകദേശം 17,000-18,000 ആളുകളെ ഞങ്ങൾ നിയമിക്കും,” നെവെസ് പറഞ്ഞു.