ദുബൈ– ദുബായിൽ ഇനി വിസ പുതുക്കാനോ പുതിയ വിസയെടുക്കാനോ മുൻകൂട്ടി ട്രാഫിക് പിഴകൾ അടക്കേണ്ടി വരും. പുതുതായി ആരംഭിച്ച പദ്ധതി അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. നടപ്പിലാക്കാൻ പോകുന്ന പദ്ധതിയിൽ, താമസക്കാർക്ക് വിസ പുതുക്കാനോ പുതിയ വിസ ലഭിക്കാനോ മുൻപ് അവശേഷിച്ച ട്രാഫിക് പിഴകൾ തീർക്കേണ്ടതായിരിക്കും.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ഡയറക്ടർ ജനറൽ, ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയാണ് പദ്ധതിയെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകിയത്. “ലക്ഷ്യം നിയന്ത്രണം അല്ല, പിഴകൾ അടയ്ക്കാൻ ഓർമ്മിപ്പിക്കൽ മാത്രമാണ്. ഓരോ കേസിനും അനുസൃതമായി സൗകര്യപ്രദമായ പരിഹാരങ്ങൾ ലഭ്യമാകും,” അദ്ദേഹം വ്യക്തമാക്കി.
പിഴ മുഴുവൻ അടയ്ക്കുകയോ ഇന്സ്റ്റാൾമെന്റ് വഴി തീർക്കുകയോ ചെയ്‌താൽ വിസ നടപടികൾ തുടരാം. വിസ സർവീസിനായി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുന്നവർക്ക് നടപടികൾ സുതാര്യമായും സൗകര്യപ്രദമായും നടക്കും.
പദ്ധതി നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഉദാഹരണത്തിന്, ദുബൈ വിമാനത്താവളത്തിലെ ജി.ഡി.ആർ.എഫ്.എ സെന്ററിൽ ഇത് ഇപ്പോഴും ബാധകമായി വന്നിട്ടില്ല.
പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് കേസുകൾ പരിശോധിച്ചിട്ടുണ്ടെന്നും, ഉപഭോക്തൃ സൗഹൃദമായി സംവിധാനം രൂപകല്പന ചെയ്‌തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
2014-ലും ഇതേ രീതിയിലുള്ള തീരുമാനം അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ കർശനമായ രൂപത്തിലാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിച്ചിട്ടുള്ളത്.