ജിദ്ദ – പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ പിഴ ലഭിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തെറ്റായി പാര്‍ക്ക് ചെയ്യുന്നത് ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷക്ക് ഒരുപോലെ ഭീഷണിയാണ്. ഇത്തരം പെരുമാറ്റം ഗതാഗതം തടസ്സപ്പെടുത്തുക മാത്രമല്ല, ജീവനും സ്വത്തിനും അപകടമുണ്ടാക്കുകയും ചെയ്യും.

ക്രമസമാധാനം നിലനിര്‍ത്താനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഗതാഗത നിയമങ്ങളും ചട്ടങ്ങളും ഡ്രൈവര്‍മാര്‍ പൂര്‍ണമായും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാനും പൊതുസുരക്ഷ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമാണ് ഈ മുന്നറിയിപ്പ്.