കുവൈത്ത് സിറ്റി– കുവൈത്തിലെ ഇന്ത്യയിൽ നിന്നുള്ള വീട്ടു വേലക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്. ഇന്ത്യയിൽ നിന്നുള്ള 36000 വീട്ടുവേലക്കാരാണ് ജോലി ഉപേക്ഷിച്ചത്. 2024 മാർച്ചിൽ 2,48,000 വീട്ടുവേലക്കാർ ഉണ്ടായിരുന്നെങ്കിൽ 2025 മാർച്ചിൽ അത് 2,12,000 ആയി കുറഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

അതേസമയം, ഫിലിപ്പിനോയിൽ നിന്നുള്ള 25% വീട്ടുവേലക്കാർ ഒരു വർഷത്തിനിടെ ഗാർഹിക തൊഴിൽ മേഖല വിട്ടതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതായത്, 2024 മാർച്ച് 31 നും 2025 മാർച്ച് 31 നും ഇടയിൽ ഏകദേശം 44,085 തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു.

ഫിലിപ്പിനോയിൽ നിന്നുള്ള വീട്ടുവേലക്കാരുടെ ഇടിവ് നേപ്പാളിൽ നിന്നും ശ്രീലങ്കയിൽ നിന്നും കൂടുതൽ ആളുകളെ ഈ ജോലിയിലേക്ക് തിരഞ്ഞെടുക്കാൻ കാരണമായി. ഏകദേശം 21,000 നേപ്പാളികളും 14,000 ശ്രീലങ്കക്കാരുമാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. നേപ്പാളിൽ നിന്നുള്ള വീട്ടുവേലക്കാരിൽ തന്നെ 61% വർധനവാണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ ശ്രീലങ്കയുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മാലിയിൽ നിന്നുമുള്ള സ്ത്രീകളായിട്ടുള്ള വീട്ടുവേലക്കാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനവുണ്ടായി. ബെനിനീസിൽ നിന്നുള്ള സ്ത്രീകളുടെ എണ്ണം 3,737 ആയി വർദ്ധിച്ചു.