ദമാം – ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസന പദ്ധതികളുടെ ഭാഗമായി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഇ-ഗേറ്റ് സേവനം ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകളില്‍ യാത്രക്കാര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ ഇ-ഗേറ്റ് സേവനം അവസരമൊരുക്കുന്നു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലിജ്, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ സാമി മുഖീം, ജവാസാത്ത് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആധുനിക സാങ്കേതികവിദ്യകളും കൃത്രിമബുദ്ധിയും ഉപയോഗിച്ച് യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കാനും വേഗത്തിലാക്കാനും ഇ-ഗേറ്റ് സേവനത്തിലൂടെ ലക്ഷ്യമിടുന്നു. യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലും സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ ഇത് യാത്രക്കാരെ പ്രാപ്തരാക്കുന്നു. പുതിയ സേവനം സമയവും അധ്വാനവും ലാഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെയും യാത്രക്കാരെയും സഹായിക്കും. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി വ്യോമയാന മേഖലാ സേവനങ്ങളുടെ വികസനത്തിന് സംഭാവന നല്‍കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജവാസാത്ത് ഡയറക്ടറേറ്റ്, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, ദമാം എയര്‍പോര്‍ട്ട്‌സ് കമ്പനി എന്നിവ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയത്. സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി പ്രാദേശിക, അന്തര്‍ദേശീയ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും സേവന നിലവാരവും കാര്യക്ഷമതയും ഉയര്‍ത്താനുമുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക് സേവന തന്ത്രത്തിന്റെ ഭാഗമായ വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങളുമായി ഈ ശ്രമങ്ങള്‍ ഒത്തുപോകുന്നു.