ദമാം – കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. അബ്ദുല്‍മലിക് ബിന്‍ ബകര്‍ ബിന്‍ അബ്ദുല്ല ഖാദിയെ കൊലപ്പെടുത്തുകയും ഭാര്യ സൗദി വനിത അദ്‌ല ബിന്‍ത് ഹാമിദ് മാര്‍ദീനിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ യുവാവ് മഹ്മൂദ് അല്‍മുന്‍തസിര്‍ അഹ്മദ് യൂസുഫിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വധശിക്ഷ നടപ്പാക്കിയത് വെറും 42 ദിവസത്തിനുള്ളില്‍. ഇത്രയും ദ്രുതഗതിയിലുള്ള നീതിനിര്‍വഹണം ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കവര്‍ച്ച ലക്ഷ്യത്തോടെ സൗദി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഡെലിവറി ജീവനക്കാരനായ പ്രതി കത്തി ഉപയോഗിച്ച് പതിനാറു തവണ കുത്തിയാണ് ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയെ പ്രതി മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. മാരകമായി പരിക്കേറ്റ സൗദി വനിത ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ദമ്പതികളുടെ വീട്ടിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് പ്രതി രക്ഷപ്പെട്ടിരുന്നു. മക്കളില്ലാത്ത, വൃദ്ധ ദമ്പതികളായ അബ്ദുല്‍മലിക് ഖാദിയും ഭാര്യയും വീട്ടില്‍ തനിച്ച് താമസിക്കുന്നത് മനസ്സിലാക്കിയാണ് ഇവരുമായി മുന്‍ പരിചയമുണ്ടായിരുന്ന ഡെലിവറി ജീവനക്കാരനായ പ്രതി കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തത്.
മറ്റൊരു സംഭവത്തില്‍, മദീനയില്‍ സ്വന്തം ഭാര്യയെ തന്ത്രപൂര്‍വം വിജനമായ സ്ഥലത്തെത്തിച്ച് മര്‍ദിച്ചും ശ്വാസംമുട്ടിച്ചും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന് വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശുകാരി റാബിയ അഖ്തറിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതി സൈഫുറഹ്മാന് മദീനയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ പ്രൊഫസറും തലവനുമായ ഡോ. അബ്ദുല്‍മലിക് ഖാദി ഉയര്‍ന്ന ധാര്‍മികത, ഉദാരത, പുണ്യം ചെയ്യല്‍, വിദ്യാര്‍ഥികളോടുള്ള അടുപ്പം, ഹദീസ് മേഖലയിലെ പണ്ഡിതോചിതമായ സംഭാവനകള്‍ എന്നിവക്ക് പ്രശസ്തനായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പ്രവാചക ഹദീസിന്റെ വിജ്ഞാനകോശം, പ്രവാചക സുന്നത്തിന്റെയും ജീവചരിത്രത്തിന്റെയും രചയിതാക്കള്‍ എന്നീ രണ്ട് സര്‍വവിജ്ഞാനകോശ പുസ്തകങ്ങളുടെ രചനയില്‍ മുഴുകിയാണ് ജീവിതം ചെലവഴിച്ചത്.
സ്വന്തം നാട്ടില്‍ സാമ്പത്തിക ബാധ്യതകളില്‍ കുടുങ്ങിയ ഡെലിവറി ജീവനക്കാരനായ ഈജിപ്തുകാരന്‍ മക്കളില്ലാത്ത വൃദ്ധദമ്പതികള്‍ ദഹ്‌റാനിലെ വീട്ടില്‍ തനിച്ചാണ് കഴിയുന്നതെന്ന അവസരം മുതലെടുക്കുകയായിരുന്നു. സമീപത്തെ മാര്‍ക്കറ്റില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി എണ്‍പത് വയസ്സുകാരനായ ഡോ. അബ്ദുല്‍മലിക് ഖാദി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ വഞ്ചിച്ചു. ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച കയറിയ പ്രതി ഡോ. അബ്ദുല്‍മലിക് ഖാദിയെ കുത്തിക്കൊന്നു. ഇദ്ദേഹത്തിന്റെ ശരീരമാസകലം പതിനാറു തവണ കുത്തേറ്റു. ഭാര്യ അദ്‌ലയെയും പ്രതി ആക്രമിക്കുകയും കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഗുരുതരമായ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടു. കൊലപാതകത്തിനു ശേഷം 3,000 റിയാല്‍ മാത്രമാണ് ഡോ. അബ്ദുല്‍മലിക് ഖാദിയുടെ വീട്ടില്‍ നിന്ന് പ്രതിക്ക് ലഭിച്ചത്. യൂനിവേഴ്സിറ്റിയില്‍ നിന്ന് വകുപ്പ് മേധാവിയായി വിരമിച്ച ഡോ. അബ്ദുല്‍മലിക് ഖാദിയുടെ വീട്ടില്‍ വന്‍തുക സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് പ്രതി ധരിച്ചിരുന്നത്.
പ്രതിയായ ഈജിപ്ഷ്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തതായി ജൂണ്‍ അഞ്ചിനാണ് കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചത്. ഡെലിവറി ജീവനക്കാരനായ പ്രതിയും ഡോ. അബ്ദുല്‍മലിക് ഖാദിയും തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സ്വന്തം നാട്ടിലെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് പ്രതി കൊലപാതവും കവര്‍ച്ചയും ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വേഗത്തിലുള്ളതും ഫലപ്രദവുമായ നീതിന്യായ വ്യവസ്ഥയും പ്രതികാര നടപടിയും ദഹ്‌റാന്‍ നഗരത്തെയും പൊതുവെ സൗദി അറേബ്യയെയും പിടിച്ചുകുലുക്കിയ ഈ ഭയാനകമായ കുറ്റകൃത്യത്തിന് അന്ത്യം കുറിച്ചു.