റിയാദ് – നിയമ ലംഘനങ്ങള്‍ക്ക് റിയാദില്‍ പത്തു ടൂറിസം ഓഫീസുകള്‍ ടൂറിസം മന്ത്രാലയം അടപ്പിച്ചു. റിയാദില്‍ ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ടൂറിസം സ്ഥാപനങ്ങളില്‍ ടൂറിസം മന്ത്രാലയ സംഘങ്ങള്‍ നടത്തിയ പരിശോധനകളിലാണ് പത്തു സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം ആരംഭിച്ച കാമ്പെയ്നിന്റെ ഭാഗമായിരുന്നു പരിശോധനകള്‍.

ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കല്‍, ലൈസന്‍സില്ലാത്ത ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉംറ തീര്‍ഥാടകരെ മക്കയിലേക്കും മദീനയിലേക്കും കൊണ്ടുപോകല്‍, തീര്‍ഥാടകരെ മക്കയിലെയും മദീനയിലെയും ലൈസന്‍സില്ലാത്ത ലോഡ്ജുകളില്‍ പാര്‍പ്പിക്കല്‍, നിയമവിരുദ്ധമായി ഉംറ, സിയാറത്ത് യാത്രകള്‍ സംഘടിപ്പിക്കല്‍ എന്നിവയാണ് ടൂറിസം ഓഫീസുകളുടെ ഭാഗത്ത് കണ്ടെത്തിയ പ്രധാനപ്പെട്ട ലംഘനങ്ങള്‍.
വിനോദസഞ്ചാരികളുടെയും സന്ദര്‍ശകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ടൂറിസം ഓഫീസുകളുടെ പ്രവര്‍ത്തനം വ്യവസ്ഥാപിതമാക്കാനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ടൂറിസം സ്ഥാപനങ്ങളില്‍ മന്ത്രാലയം പരിശോധനാ കാമ്പെയ്ന്‍ നടത്തുന്നത്. ലൈസന്‍സില്ലാത്ത ടൂറിസം സ്ഥാപനങ്ങള്‍ക്കും ലൈസന്‍സുകളില്‍ വ്യക്തമാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം ഓഫീസുകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ കാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നു. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ടൂറിസം നിയമം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തടയാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
ടൂറിസം അനുഭവം മെച്ചപ്പെടുത്താനും രാജ്യത്തുടനീളം വിനോദസഞ്ചാരികളുടെയും സന്ദര്‍ശകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും പരിശോധനകള്‍ സഹായിക്കുന്നു.
നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 റിയാല്‍ വരെ പിഴ ചുമത്തും. ആവര്‍ത്തിച്ച് നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കും. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന ടൂറിസും ഓഫീസുകള്‍ അടപ്പിക്കുകയും ചെയ്യും.
ലൈസന്‍സുള്ള ടൂറിസം ഓഫീസുകള്‍ ലൈസന്‍സുകളില്‍ അനുശാസിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു. അവകാശങ്ങള്‍ സംരക്ഷിക്കാനും സുരക്ഷിതവും വിശ്വസനീയവുമായ ടൂറിസം അനുഭവം ഉറപ്പാക്കാനും ടൂറിസം സേവന ഗുണഭോക്താക്കള്‍ ലൈസന്‍സുള്ളതും നിയമാനസൃതവുമായ ടൂറിസം ഓഫീസുകളുമായി മാത്രമാണ് ഇടപഴകുന്നതെന്ന് ഉറപ്പാക്കണം. ടൂറിസം മേഖലാ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ 930 എന്ന നമ്പറില്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു.