അബുദാബി: 13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം (ഏകദേശം14 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അബുദാബി അപ്പീൽ കോടതിയാണ് ഉപയോഗിക്കാത്ത വാർഷിക അവധിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമക്ക് നിർദേശം നൽകിയത്.

2009 മുതൽ 2022 ജൂണിൽ കരാർ അവസാനിക്കുന്നതുവരെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനാണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.

കരാർ കാലാവധി കഴിഞ്ഞ് കമ്പനി വിട്ടതിന് ശേഷമാണ് ഇയാൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനേജ്മെന്‍റിനെ സമീപിച്ചത്. ഇയാൾ വാർഷിക അവധി എടുത്തിരുന്നുവെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ മാനേജ്മെന്‍റിന് സാധിച്ചില്ല.
തുടക്കത്തിൽ കേസ് പരിഗണിച്ച കീഴ്‌ക്കോടതി ജീവനക്കാരന് അനുകൂലമായി വിധിച്ചെങ്കിലും നഷ്ടപരിഹാരം പരമാവധി രണ്ട് വർഷത്തെ ഉപയോഗിക്കാത്ത അവധിക്ക് മാത്രമായി പരിമിതപ്പെടുത്തി. തുടർന്ന് നൽകിയ പരാതിയിൽ അബുദാബി അപ്പീൽ കോടതി ഈ തീരുമാനം റദ്ദാക്കുകയും മുഴുവൻ കാലയളവിനും പൂർണ്ണ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു. ജീവനക്കാരൻ അവധി എടുത്തോ അല്ലെങ്കിൽ അതിന് പ്രതിഫലം നൽകിയോ എന്ന് തെളിയിക്കേണ്ടത് തൊഴിലുടമയുടെ നിയമപരമായ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി.