കുവൈത്ത് സിറ്റി – കടക്കെണിയിലായ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കുന്നു. 5,000 കുവൈത്ത് ദീനാറില്‍ (16,000 അമേരിക്കന്‍ ഡോളര്‍) കവിയാത്ത കടബാധ്യതയുള്ള 400 ലേറെ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കടക്കെണിയില്‍ കുടുങ്ങിയ പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാനുള്ള മൂന്നാമത്തെ ദേശീയ കാമ്പെയ്നിന്റെ ഭാഗമായാണിത്.

സ്ഥാപിത നടപടിക്രമങ്ങള്‍ക്കനുസൃതമായി കടബാധ്യത തീര്‍പ്പാക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കാനായി നീതിന്യായ മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംപ്ലിമെന്റേഷന് ഗുണഭോക്താക്കളുടെ പേരുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സാമൂഹികകാര്യ മന്ത്രാലയ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍അജമി അറിയിച്ചു. കടബാധ്യതയില്‍ കുടുങ്ങിയവരുടെ കേസുകള്‍ പഠിക്കാന്‍ സ്ഥാപിച്ച സുപ്രീം കമ്മിറ്റിക്കു കീഴിലെ ആറ് സാങ്കേതിക, നിയമ സമിതികളുടെ യോജിച്ച ശ്രമങ്ങളുടെ ഫലമാണ് അര്‍ഹരായ 400 ലേറെ പേരുടെ കടബാധ്യതകള്‍ തീര്‍പ്പാക്കാന്‍ തീരുമാനിച്ചത്. നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന കേസുകളുടെ അവലോകനം കമ്മിറ്റികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗുണഭോക്താവ് കുവൈത്തി പൗരനായിരിക്കണമെന്നും 2023 ലും 2024 ലും നടത്തിയ കടബാധ്യതകള്‍ തീര്‍പ്പാക്കാനുള്ള രണ്ട് കാമ്പെയ്നുകളില്‍ നിന്ന് പ്രയോജനം ലഭിക്കാത്തവരായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്. കടബാധ്യതയുള്ള പൗരന്മാര്‍ക്ക് തിരിച്ചടവ് പൂര്‍ത്തിയായതായി അറിയിക്കുന്ന ഔദ്യോഗിക സന്ദേശങ്ങള്‍ സഹല്‍ ആപ്പ് വഴി ലഭിക്കുമെന്ന് ഡോ. ഖാലിദ് അല്‍അജ്മി പറഞ്ഞു. പതിനായിരം ദീനാറില്‍ കവിയാത്ത കടബാധ്യതയുള്ള പൗരന്മാരുടെ രണ്ടാം ബാച്ചിന്റെ ഫയലുകള്‍ കമ്മിറ്റികള്‍ നിലവില്‍ പരിശോധിക്കുന്നുണ്ട്. ലഭ്യമായ ഫണ്ടുകള്‍ക്കനുസരിച്ച് ഇവരുടെ ബാധ്യകളും തീര്‍പ്പാക്കുമെന്ന് ഡോ. ഖാലിദ് അല്‍അജമി പറഞ്ഞു.