ദോഹ– ഖത്തറിലെ ആരോഗ്യ മേഖലയില്‍ ജനറല്‍ ഡെന്റിസ്റ്റുകള്‍ക്കായി ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തി ആരോഗ്യമന്ത്രാലയം. ഇവര്‍ക്കായി ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ജനറല്‍ ഡെന്റിസ്റ്റായി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നേടുന്നതിന് ഈ യോഗ്യതാ പരീക്ഷ നിര്‍ബന്ധമായും പാസ്സായിരിക്കണം. ആരോഗ്യരംഗത്തെ സേവനം മെച്ചപ്പെടുത്തുക, പ്രഫഷനല്‍ രജിസ്‌ട്രേഷനും ലൈസന്‍സിങ് സംവിധാനവും അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്ത്രാലയം ഈ പദ്ധതി നടപ്പാക്കുന്നത്.തൊഴില്‍ രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഡെന്റിസ്റ്റുകളുടെ കഴിവും യോഗ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.


ഈ പരീക്ഷ ”പ്രോമെട്രിക്” പ്ലാറ്റ്ഫോം വഴിയാണ് നടത്തുന്നത്. 3.5 മണിക്കൂര്‍ നീളമുള്ള പരീക്ഷയില്‍ 150 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കുക. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടാല്‍ തുടര്‍ന്ന് അഞ്ച് അവസരങ്ങള്‍ വരെ ഉദ്യോഗാര്‍ഥിക്ക് ലഭിക്കും. പരീക്ഷാ ഉള്ളടക്കവും റഫറന്‍സുകളും പുതുക്കിയിട്ടുണ്ട്. ഡെന്റല്‍ മേഖലയിലെ വിദഗ്ധരുടെ സേവനം, ഉന്നത നിലവാരത്തിലുള്ള ആരോഗ്യപരിചരണ സംവിധാനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് പരീക്ഷയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ലൈസന്‍സിങ് യോഗ്യത ഉറപ്പാക്കുന്നതിലൂടെ ആരോഗ്യമേഖലയില്‍ ഉയര്‍ന്ന നിലവാരവും വിശ്വാസ്യതയും നിലനിറുത്താന്‍ സാധിക്കും. ആരോഗ്യരംഗത്തെ മികച്ച കേന്ദ്രമായി ഖത്തറിനെ മാറ്റാന്‍ ഇത് സഹായകമാകുമെന്നും ഖത്തര്‍ ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.