വിജ്ഞാനത്തിൻ്റെ വഴിയിൽ വഴിതെറ്റാതെ നടന്ന സലഫി പണ്ഡിതരിൽ പ്രമുഖനായിരുന്നു ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി. ഹദീസ് വിഷയങ്ങളിലെ വിസ്മയിപ്പിക്കുന്ന പാണ്ഡിത്യമായിരുന്നു ശൈഖ് റബീഅ് ബിൽ ഹാദി. ഇന്ത്യയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ബനാറസിലെ ജാമിഅ സലഫിയ്യയിൽ അധ്യാപകനായിരുന്നു. ഇമാം മുസ്ലിമിന്നും ദാറ ഖുത്നിക്കുമിടയിൽ എന്ന അദ്ദേഹത്തിൻ്റെ ബിരുദാനന്തര ബിരുദ ഗവേഷണ പ്രബന്ധമായ സുപ്രസിദ്ധ ഗ്രന്ഥം ബനാറസിൽ നിന്നാണ് ആദ്യം പ്രസിദ്ധീകരിച്ചത്. വർഷങ്ങൾക്കു മുമ്പ് കേരളത്തിലും സന്ദർശനം നടത്തിയിട്ടുണ്ട്.

ആദർശത്തിൽ കണിശത പുലർത്തിയ അദ്ദേഹത്തിൻ്റെ ഖണ്ഡന ശൈലി വ്യതിരിക്തമായിരുന്നു. അറബ് ലോകത്ത് തീവ്രവാദത്തിൻ്റെ വ്യതിയാനങ്ങൾ നിർഭയമായി തുറന്ന് കാണിച്ചവരിൽ പ്രമുഖനുമായിരുന്നു അദ്ദേഹം. തീവ്രവാദ ആശയധാരയുടെ വൈകല്യങ്ങളും സ്വഹാബീ വിമർശനങ്ങളുടെ പൊള്ളത്തരങ്ങളും വൈജ്ഞാനികമായി അദ്ദേഹം തുറന്ന് കാണിച്ചപ്പോഴാണ് പണ്ഡിതരടക്കം പലരും കാര്യം ഗ്രഹിച്ചത്. വൈജ്ഞാനിക മുന്നേറ്റത്തിൻ്റെ മുന്നിൽ ഏറെ വിമർശകർ അടിപതറിയിട്ടുണ്ട്.

മക്കയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജിസാൻ പ്രവിശ്യയിലെ ജറാദിയ ഗ്രാമത്തിൽ മദാഖില ഗോത്രത്തിൽ 1933-ലാണ് ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി ജനിച്ചത്. ജിസാനിലെ സാമിത്വ പട്ടണത്തിലെ മഅഹദുൽ ഇൽമിയിൽ നിന്ന് 1961 ൽ പഠനം പൂർത്തിയാക്കുകയും തുടർന്ന് റിയാദിലെ ശരീഅ കോളേജിൽ ബിരുദ പഠനത്തിനായി ചേരുകയും ചെയ്തു. എന്നാൽ രണ്ടു മാസങ്ങൾക്ക് ശേഷം മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ശരീഅ കോളേജിലേക്ക് മാറി. 1964ൽ ബിരുദം നേടി. ശേഷം കിംഗ് അബ്ദുൽ അസീസ് സർവ്വകലാശാല യിൽ നിന്നും 1977 ൽ ബിരുദാനന്തര ബിരുദവും 1980 ൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
പഠന ശേഷം മദീന ഇസ് ലാമിക് യൂനിവേഴ്സിറ്റിയിൽ ശരീഅ കോളേജിൽ അധ്യാപകനായി സേവനമാരംഭിച്ചു. ഹദീസും അനുബന്ധ വിജ്ഞാനീയങ്ങളുമായിരുന്നു പ്രധാന പാഠ്യ വിഷയങ്ങൾ. തുടർന്ന് യൂണിവേഴ്സിറ്റിയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഖിസ്മു സ്സുന്ന: യുടെ വകുപ്പുമേധാവിയായി തുടർന്നു. ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലിയുടെ പ്രബോധനവും ഗ്രന്ഥങ്ങളും ലോകമാകെ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകത്ത് ഇസ് ലാമിൻ്റെ പേരിൽ പ്രത്യക്ഷപ്പെട്ട് വന്ന തീവ്രവാദ ഭീകരവാദ പ്രവണതകൾക്കെതിരെ പ്രമാണങ്ങൾ നിരത്തി, അതി ശക്തമായി പ്രതികരിക്കുകയും ഫത് വകൾ പുറപ്പെടുവിക്കുകയും ചെയ്തതിനാൽ അത്തരം പ്രതികരണങ്ങൾ പലപ്പോഴും ‘മദ്ഖലി’ എന്ന പേരിൽ ലോകത്ത് അറിയപ്പെട്ടു.
ഇസ്ലാമിക ലോകത്ത് അറിയപ്പെട്ട അനേകം പ്രമുഖ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചു. ശൈഖ് ഇബ്നു ബാസ്, ശൈഖ് മുഹമ്മദ് നാസിറുദ്ദീൻ അൽബാനി, ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ്, ശൈഖ് മുഹമ്മദ് അമീൻ അശംഖീ ത്വി, ശൈഖ് സ്വാലിഹ് അൽ ഇറാഖി, ശൈഖ് അബ്ദുൽ ഗഫാർ ഹസൻ അൽ ഹിന്ദി, ശൈഖ് ഹാഫിള് ബിൻ അഹ്മദ് അൽഹകമി, ശൈഖ് മുഹമ്മദ് ബിൻ അഹ് മദ് അൽഹകമി, ശൈഖ് അഹ്മദ് ബിൻ യഹ് യ അന്നജ്മി, ശൈഖ് മുഹമ്മദ് അമാൻ അൽ ജാമി, ശൈഖ് മുഹമ്മദ് സഗീർ ഖമീസി എന്നിവർ അവരിൽ ചിലരാണ്. കെ.എം.മൗലവിയുടെ പുത്രനും സൗദി പൗരനും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖ് അബ്ദുസ്സദ് അൽകാതിബുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഒട്ടേറെ പ്രമുഖ ഗ്രന്ഥങ്ങളും രരിച്ചു. ഹദീസ് വിജ്ഞാനീയത്തിൽ ‘മൻഹജുൽ ഇമാം മുസ്ലിം ഫീ തർതീബി സ്വഹീഹിഹി’ തുടങ്ങി പത്തോളം ഗ്രന്ഥങ്ങൾ, ഇസ്ലാമിക വിശ്വാസത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ‘പ്രവാചകരുടെ പ്രബോധന രീതി ശാസ്ത്രം’ തുടങ്ങി അഞ്ചിലേറെ ഗ്രന്ഥങ്ങൾ, വിമർശന പഠനത്തിൽ ഇരുപതോളം കൃതികൾ തുടങ്ങി ഏറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഏറെ ശിഷ്യ ഗണങ്ങളുണ്ട്.
വിലമതിക്കാനാവാത്ത വിജ്ഞാനത്തിൻ്റെ അടയാളങ്ങൾ ബാക്കി വെച്ചാണ് ശൈഖ് യാത്രയായത്.