ജിദ്ദ – ബിനാമി ബിസിനസ് സംശയിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 8,007 സ്ഥാപനങ്ങളിലും കമ്പനികളിലും ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം പരിശോധനകള്‍ നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,573 സ്ഥാപനങ്ങളിലും 1,434 കമ്പനികളിലുമാണ് മൂന്നു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. നിരവധി ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന സൂചനകള്‍ കണ്ടെത്തിയ പരിശോധനകളില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍, ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ ഇല്ലാതിരിക്കല്‍ അടക്കമുള്ള നിയമ ലംഘനങ്ങളും കണ്ടെത്തി.

ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിക്കപ്പെടുന്ന സ്ഥാപനങ്ങളെയും കമ്പനികളെയും കുറിച്ച് മൂന്നു മാസത്തിനിടെ 1,704 പരാതികള്‍ വാണിജ്യ മന്ത്രാലയത്തിന് ലഭിച്ചു. ഇതില്‍ 147 പരാതികള്‍ ബിനാമി ബിസിനസ് കേസുകള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിക്കും 23 പരാതികള്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറി. മൂന്നു മാസത്തിനിടെ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് 21,89,600 റിയാല്‍ പിഴ ചുമത്തി.

സൗദിയില്‍ ബിനാമിയായി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും.
സ്ഥാപനം അടപ്പിക്കല്‍, ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കല്‍, ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സ്വദേശികളായ നിയമ ലംഘകര്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍, നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കല്‍, നിയമ ലംഘകരായ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തല്‍ എന്നീ ശിക്ഷാ നടപടികളും നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കും.