ജിദ്ദ – റിയാദ്, ജിദ്ദ നഗരങ്ങളില്‍ അടക്കം വിദേശികള്‍ക്ക് ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങളില്‍ ഭൂമി വാങ്ങാൻ അനുവദിക്കുന്ന നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത്.

വിദേശികള്‍ക്കുള്ള പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം അടുത്ത വര്‍ഷാദ്യം മുതല്‍ പ്രാബല്യത്തില്‍ വരും. റിയല്‍ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനും നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റിയല്‍ എസ്റ്റേറ്റ് നിയമനിര്‍മാണങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് വിദേശികള്‍ക്കുള്ള പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം മന്ത്രിസഭ അംഗീകരിച്ചതെന്ന് നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു. നിക്ഷേപകരെയും റിയല്‍ എസ്റ്റേറ്റ് വികസന കമ്പനികളെയും സൗദി വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ പാര്‍പ്പിടങ്ങള്‍ അടക്കം റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ നിയമം സഹായിക്കും.

പുതിയ നിയമം പ്രാബല്യത്തില്‍വരുന്നതോടെ വിദേശികള്‍ക്ക് ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങളില്‍, പ്രത്യേകിച്ച് റിയാദ്, ജിദ്ദ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ കഴിയും. മക്കയിലും മദീനയിലും ഇതിന് പ്രത്യേക വ്യവസ്ഥകളുണ്ടാകുമെന്നും നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി പറഞ്ഞു.
പരിഷ്‌കരിച്ച നിയമമനുസരിച്ച്, വിദേശികള്‍ക്ക് സ്വത്തവകാശങ്ങള്‍ സ്വന്തമാക്കാനും നേടാനും കഴിയുന്ന ഭൂമിശാസ്ത്രപരമായ പരിധി നിര്‍ദേശിക്കുന്നതിന്റെ ചുമതല റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിക്കാണ്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം 180 ദിവസത്തിനുള്ളില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്ഫോമില്‍ പരിഷ്‌കരിച്ച നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയമാവലി അതോറിറ്റി പരസ്യപ്പെടുത്തും.
സൗദികളല്ലാത്തവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നേടുന്നതിനുള്ള നടപടിക്രമങ്ങള്‍, നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള ആവശ്യകതകള്‍, സാമ്പത്തികവും സാമൂഹികവുമായ വശങ്ങള്‍ കണക്കിലെടുത്ത് അത് നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ എന്നിവ നിയമാവലി വ്യക്തമാക്കും.
പ്രീമിയം ഇഖാമ നിയമത്തിലെ വ്യവസ്ഥകളുമായും അംഗരാജ്യങ്ങളിലെ താമസ, നിക്ഷേപ ആവശ്യങ്ങള്‍ക്കായി ജി.സി.സി പൗരന്മാരുടെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമവുമായും ബന്ധപ്പെടുത്തിയാണ് സൗദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാനുള്ള നിയമത്തിന് അംഗീകാരം നൽകിയത്. വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിനും മറ്റ് സ്വത്തവകാശങ്ങള്‍ ഏറ്റെടുക്കാനും പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന മറ്റ് ബന്ധപ്പെട്ട നിയമങ്ങള്‍ക്കും അനുസൃതമായുമാണ് വിദേശികള്‍ക്കുള്ള പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം മന്ത്രിസഭ അംഗീകരിച്ചത്.