ജിദ്ദ – സിവില്‍ ഏവിയേഷന്‍ നിയമം ലംഘിച്ചതിന് വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആകെ 28,25,000 റിയാല്‍ പിഴ ചുമത്തി. അതോറിറ്റിക്കു കീഴില്‍ സിവില്‍ ഏവിയേഷന്‍ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയാണ് വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും പിഴകള്‍ ചുമത്തിയത്. മൂന്നു മാസത്തിനിടെ വിമാന കമ്പനികളുടെയും യാത്രക്കാരുടെയും ഭാഗത്ത് 87 നിയമ ലംഘനങ്ങളാണ് കണ്ടെത്തി പിഴ ചുമത്തിയത്.

യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുടെ ഭാഗത്ത് 63 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതിന് ആകെ 19,70,000 റിയാല്‍ പിഴ ചുമത്തി.
യാത്രക്കാരുടെ പക്കല്‍ ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താത്തതിനും അംഗീകൃത സമയ സ്ലോട്ടുകള്‍ പാലിക്കാത്തതിനും 13 വിമാനക്കമ്പനികള്‍ക്ക് ആകെ 70,000 റിയാല്‍ പിഴ ചുമത്തി. അതോറിറ്റി പുറപ്പെടുവിച്ച ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്തതിന് എട്ടു വിമാന കമ്പനികള്‍ക്ക് ആകെ 7,75,000 റിയാല്‍ പിഴ ചുമത്തി.
വിമാനത്തിനുള്ളില്‍ നടത്തിയ നിയമലംഘനങ്ങള്‍ക്കും സിവില്‍ ഏവിയേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്തതിനും മൂന്നു യാത്രക്കാര്‍ക്ക് ആകെ 10,000 റിയാല്‍ പിഴ ചുമത്തിയതായും അതോറിറ്റി അറിയിച്ചു.