ന്യൂഡല്‍ഹി– അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം എന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ഹജ്ജ് അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്. 2026-ലെ ഹജ്ജ് നറുക്കെടുപ്പും മറ്റു പ്രാഥമിക നടപടികളും ഓഗസ്റ്റിലുണ്ടാകും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യത്തെ ഗഡു ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുന്‍കൂര്‍ അടക്കേണ്ടി വരും. 65 വയസിന് മുകളിലുള്ളവര്‍ക്കും, മെഹ്റമില്ലാത്ത 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഒരുമിച്ച് നല്‍കുന്ന അപേക്ഷകളിലും മുന്‍വര്‍ഷങ്ങളെപ്പോലെ നറുക്കെടുപ്പില്ലാതെ അവസരം കിട്ടാന്‍ സാധ്യതയുണ്ടാകും. അപേക്ഷകന് 2026 ഡിസംബര്‍ 31 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്.
ഓണ്‍ലൈന്‍ വഴിയാണ് ഹജ്ജിന് പോകാന്‍ അപേക്ഷിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in/ വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org/ വെബ്സൈറ്റിലും ലിങ്ക് ലഭ്യമാകും. ”Haj suvidha’ എന്ന മൊബൈല്‍ ആപ് വഴിയും അപേക്ഷ സമര്‍പ്പിക്കാനാകും. ഹജ്ജ് കമ്മിറ്റിയുടെ വിജ്ഞാപനം വന്നത് മുതല്‍ വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കാനുള്ള പോര്‍ട്ടല്‍ സജ്ജമാകും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ 2026 ലെ ഹജ്ജ് നയം അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ഹജ്ജിന്റെ കാര്യങ്ങളും ഇന്ത്യന്‍ ഹാജിമാരുടെ അനുഭവങ്ങളും സൗകര്യങ്ങളും വിലയിരുത്തുന്നതിനും 2026 ലെ ഹജ്ജിന്റെ സൗകര്യങ്ങളും സംവിധാനവും ആലോചിക്കുന്നതിനുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജു, സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ക്ക് പുറമെ ന്യൂനപക്ഷകാര്യ സെക്രട്ടറി ഡോ. ചന്ദ്രശേഖര്‍ കുമാര്‍, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുണ്‍ കെ. ചാറ്റര്‍ജി എന്നിവരും മറ്റ് വിദേശകാര്യ, സിവില്‍ വ്യോമയാന, ആരോഗ്യ, കുടുംബക്ഷേമ, ആഭ്യന്തര മന്ത്രാലയ, ഇന്ത്യന്‍ ഹജ് കമ്മിറ്റി ഉന്നത ഉദ്യോഗസ്ഥരും ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുടെ മുതിര്‍ന്ന പ്രതിനിധികളും പങ്കെടുത്തു.