GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 5 ലക്ഷത്തിലേറെ ബാരല്‍  വർദ്ധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം

ജിദ്ദ – വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമായി, ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 5,48,000 ബാരലിന്റെ വീതം വര്‍ധനവ് വരുത്താന്‍ എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ കുവൈത്ത്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളാണ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്. എണ്ണ വിപണി സ്ഥിരതക്കുള്ള പ്രതിബദ്ധത എട്ടു രാജ്യങ്ങളും സ്ഥിരീകരിച്ചു. 2023 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ സ്വമേധയാ എണ്ണയുല്‍പാദനം വെട്ടിക്കുറച്ച എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ ഇന്ന് വെര്‍ച്വലായി യോഗം ചേര്‍ന്ന് ആഗോള വിപണി സാഹചര്യങ്ങളും വീക്ഷണവും അവലോകനം ചെയ്തു.


ലോകത്തിലെ എണ്ണയുടെ പകുതിയോളം ഉല്‍പാദിപ്പിക്കുന്ന ഈ രാജ്യങ്ങള്‍ ആഗോള എണ്ണ വിപണിയെ പിന്തുണക്കാനായി 2022 മുതല്‍ ഉല്‍പാദനം കുറച്ചിരുന്നു. അനുകൂല സാഹചര്യങ്ങള്‍, ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍, എണ്ണ വിതരണത്തെ ബാധിച്ചു തുടങ്ങിയ യുദ്ധങ്ങള്‍ എന്നിവ ഒപെക് പ്ലസിനെ അതിന്റെ തന്ത്രം ക്രമീകരിക്കാനും ഉല്‍പാദനം ഉയര്‍ത്താനും പ്രേരിപ്പിച്ചു. സെപ്റ്റംബറിലെ ഉല്‍പാദന നിലവാരം നിര്‍ണയിക്കാന്‍ എട്ട് രാജ്യങ്ങളും 2025 ഓഗസ്റ്റ് മൂന്നിന് യോഗം ചേരും.


പുതിയ തീരുമാനത്തോടെ ഓഗസ്റ്റില്‍ അള്‍ജീരിയയുടെ പ്രതിദിന ഉല്‍പാദന ക്വാട്ട 9,48,000 ബാരലും ഇറാഖിന്റെ ക്വാട്ട 41,71,000 ബാരലും കുവൈത്തിന്റെ ക്വാട്ട 25,16,000 ബാരലും സൗദി അറേബ്യയുടെ ക്വാട്ട 97,56,000 ബാരലും യു.എ.ഇയുടെ ക്വാട്ട 32,72,000 ബാരലും കസാക്കിസ്ഥാന്റെ ക്വാട്ട 15,32,000 ബാരലും ഒമാന്റെ ക്വാട്ട 7,92,000 ബാരലും റഷ്യയുടെ ക്വാട്ട 93,44,000 ബാരലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!