ജിദ്ദ – സൗദിയില്‍ മീറ്റര്‍ കൃത്രിമം, സേവന വീഴ്ച എന്നിവക്കുള്ള പിഴകള്‍ വൈദ്യുതി റെഗുലേറ്ററി അതോറിറ്റി കൂട്ടി. കൃത്രിമം നടത്തുന്ന മീറ്ററിന്റെ സര്‍ക്യൂട്ട് ബ്രേക്കര്‍ ശേഷി 100 ആമ്പിയറോ അതില്‍ കുറവോ ആണെങ്കില്‍ 5,000 റിയാൽ പിഴ ചുമത്തും. സര്‍ക്യൂട്ട് ബ്രേക്കര്‍ ശേഷി 100 ആമ്പിയര്‍ മുതല്‍ 150 ആമ്പിയര്‍ വരെ ആണെങ്കില്‍ 15,000 റിയാലാണ് പിഴ. 150 നും 400 ആമ്പിയറിനുടയില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ ശേഷിയുള്ള വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചാൽ പിഴ 50,000 റിയാലാണ്. ശേഷി 400 ആമ്പിയറില്‍ കൂടുതലാണെങ്കില്‍ പിഴ ഒരു ലക്ഷം റിയാലായി ഉയരും. മീറ്റര്‍ അക്കൗണ്ട് ഉടമയോ യഥാര്‍ഥ ഗുണഭോക്താവോ അല്ലാത്തവരാണ് മീറ്ററില്‍ കൃത്രിമം നടത്തുന്നതെങ്കില്‍ 50,000 റിയാല്‍ പിഴ ലഭിക്കും. മീറ്ററില്‍ ഗുരുതരമായ കൃത്രിമം നടത്തുന്നതിനും നിയമ ലംഘനം ആവര്‍ത്തിക്കുന്നതിനും ഇതില്‍ ഉയര്‍ന്ന തുക പിഴ ചുമത്തും.

വൈദ്യുതി നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതും തെളിയിക്കുന്നതും ശിക്ഷകള്‍ വിധിക്കുന്നതുമായും ബന്ധപ്പെട്ട നിയമാവലിയില്‍ സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച പുതിയ ഭേദഗതികളുടെ ഭാഗമായാണ് പിഴ ഉയര്‍ത്തിയിരിക്കുന്നത്. ഓരോ നിയമ ലംഘനത്തിന്റെയും സ്വഭാവത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഉയര്‍ന്ന പിഴകളും പരിഷ്‌കരിച്ച പിഴ വിലയിരുത്തല്‍ സംവിധാനങ്ങളും ഈ ഭേദഗതികളില്‍ ഉള്‍പ്പെടുന്നു.
പിഴ നിര്‍ണയിക്കുമ്പോള്‍ നിയമ ലംഘനത്തിന്റെ ഗൗരവം പരിഗണിക്കണമെന്ന് അതോറിറ്റി പറഞ്ഞു. ഭേദഗതികളില്‍ പത്ത് അടിസ്ഥാന നിയമ ലംഘനങ്ങള്‍ അടങ്ങിയിരിക്കുന്നു. മീറ്റര്‍ കൃത്രിമത്വം മൂലം വൈദ്യുതി ഉപഭോഗത്തില്‍ തകരാറുകള്‍, തടസ്സങ്ങള്‍, കുറവ് എന്നിവ ഉണ്ടായാല്‍ രേഖപ്പെടുത്താത്ത ഉപഭോഗത്തിന്റെ മൂല്യവും മീറ്ററിനോ അതിന്റെ ഏതെങ്കിലും അനുബന്ധ ഉപകരണങ്ങളിലോ ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കാനുള്ള ചെലവും ഗുണഭോക്താവ് നല്‍കണം.
മീറ്റര്‍ മാറ്റിസ്ഥാപിക്കേണ്ട ആവശ്യമില്ലെങ്കില്‍ ബ്രേക്കറിന്റെ ആമ്പിയേജ് ശേഷി അനുസരിച്ച് 100 ആമ്പിയര്‍ മുതല്‍ 400 ആമ്പിയര്‍ വരെ അറ്റകുറ്റപ്പണി ചെലവുകളുടെയും റെസിഡന്‍ഷ്യല്‍ ഉപഭോഗത്തിനായുള്ള നഷ്ടപ്പെട്ട വൈദ്യുതിയുടെയും നിശ്ചിത മൂല്യമായി 250 മുതല്‍ 1,150 റിയാല്‍ വരെയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക. മീറ്റര്‍ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെങ്കില്‍ 1,150 മുതല്‍ 4,050 റിയാല്‍ വരെയാണ് ഈടാക്കുക. മീറ്റര്‍ മാറ്റിസ്ഥാപിക്കേണ്ടതില്ലാത്ത നോണ്‍-റെസിഡന്‍ഷ്യല്‍ ഉപഭോക്താവിന് 300 മുതല്‍ 2,050 റിയാല്‍ വരെയും മീറ്റര്‍ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെങ്കില്‍ 1,150 മുതല്‍ 4,950 റിയാല്‍ വരെയുമാണ് ഈടാക്കുക.
മീറ്റര്‍ ഇല്ലാതെ വൈദ്യുതി ഗ്രിഡില്‍ നിന്ന് നേരിട്ട് കണക്ഷന്‍ എടുത്താന്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോഗത്തിന്റെ മൂല്യം, കണക്റ്റിംഗ് കേബിളിന്റെ വ്യാസം അനുസരിച്ച്, ഗുണഭോക്താവ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ വകുപ്പ് ഭേദഗതികളില്‍ ചേര്‍ത്തിട്ടുണ്ട്. ഈ നിയമ ലംഘനത്തിന് ഗാര്‍ഹിക മേഖലയില്‍ 1,300 റിയാല്‍ മുതല്‍ 17,000 റിയാല്‍ വരെയും നോണ്‍-റെസിഡന്‍ഷ്യല്‍ മേഖലയില്‍ 1,700 മുതല്‍ 33,000 റിയാല്‍ വരെയുമാണ് പിഴ.
പരാതികള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാൽ കമ്പനിക്ക് 20,000 റിയാല്‍ പിഴ ചുമത്തും. ആവശ്യമായ വിവരങ്ങള്‍ അതോറിറ്റിക്ക് നല്‍കുന്നതില്‍ ഇലക്ട്രിസിറ്റി കമ്പനി സഹകരിക്കാതിരിക്കുന്നതിന് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന നിയമപരമായ സമയപരിധികള്‍ പാലിക്കാത്തതിന് 2,000 റിയാല്‍ പിഴയും ഭേദഗതികളില്‍ ഉള്‍പ്പെടുന്നു. അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് 50,000 റിയാല്‍ പിഴ ചുമത്തും. ചെറുകിട സോളാര്‍ പദ്ധതികള്‍ക്കുള്ള നിയന്ത്രണ ചട്ടക്കൂട് പാലിക്കാത്തതിനും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ ചട്ടക്കൂട് പാലിക്കാത്തതിനും 3,000 റിയാല്‍ തോതില്‍ പിഴ ചുമത്തും.
നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സേവന ദാതാവ് നിയമ ലംഘനം അവസാനിപ്പിക്കണമെന്നും തല്‍ഫലമായുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കണമെന്നും ഭേദഗതികള്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണി ചെലവുകളും നഷ്ടപ്പെട്ട വൈദ്യുതി ചെലവും ക്ലെയിം ചെയ്യുന്നതിന് സേവന ദാതാവ് നിയമ ലംഘനം അതോറിറ്റിക്ക് റഫര്‍ ചെയ്യണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഭേദഗതികള്‍ ആവശ്യപ്പെടുന്നു.