കുവൈത്ത് സിറ്റി– കുവൈത്തിലെ രണ്ടിടങ്ങളില്‍ അഗ്നിബാധ. കുവൈത്ത് സിറ്റിക്കടുത്ത അല്‍ഖുറൈന്‍ മാര്‍ക്കറ്റിലും ഫര്‍വാനിയയിലെ അപ്പാര്‍ട്ട്മെന്റിലുമാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു സംഭവങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ഖുറൈനില്‍ അഞ്ച് പേര്‍ക്കും ഫര്‍വാനിയയില്‍ നാല് പേര്‍ക്കുമാണ് പരിക്കേറ്റതെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി അറിയിച്ചു.
അല്‍ഖുറൈന്‍ മാര്‍ക്കറ്റ്സ് ഏരിയയിലെ ഒന്നാം നിലയിലുള്ള ഒരു റെസ്റ്റോറന്റിലും നിരവധി കടകളിലുമായി തീ വ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. അല്‍ബൈറാഖ്, അല്‍ഖുറൈന്‍ സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ കൂടുതല്‍ വ്യാപിക്കാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു.

ഇന്ന് കാലത്ത് തന്നെയാണ് ഫര്‍വാനിയയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലും തീപിടിത്തമുണ്ടായത്. ഫര്‍വാനിയ, സുബ്ഹാന്‍ സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീ അണച്ചതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.