GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ രണ്ട് പ്രതികള്‍ക്ക്  രണ്ടു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും

ദമാം – ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ സൗദി പൗരനും ഈജിപ്തുകാരനും ദമാം ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ നിയമം അനുശാസിക്കുന്നതു പ്രകാരം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സ്വന്തം നിലക്ക് ശുദ്ധീകരിച്ച സമുദ്രജലം ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തിയ ഈജിപ്തുകാരന്‍ ഹംദി സഈദ് അബ്ദുല്‍കരീം സഅദ്, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ ഹുസൈന്‍ അബ്ദുറബ്ബ് റിദ ബാഖിര്‍ അല്‍ശഖ്‌സ് എന്നിവര്‍ക്കാണ് ശിക്ഷ. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു.


ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് സൗദി പൗരന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത ഫീസുകളും സകാത്തും നികുതികളും പ്രതികളില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്. ഈജിപ്തുകാരനെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും രണ്ടു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.

ജലവിതരണ കേന്ദ്രത്തില്‍ നിന്ന് ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം ഈജിപ്തുകാരനും 60 ശതമാനം സൗദി പൗരനും വീതിച്ചെടുക്കുന്ന നിലക്ക് നിയമ വിരുദ്ധ പങ്കാളിത്ത കരാറുണ്ടാക്കിയാണ് ബിനാമി സ്ഥാപനം നടത്താന്‍ സൗദി പൗരന്‍ ഈജിപ്തുകാരന് കൂട്ടുനിന്നത്. സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനം ഈജിപ്തുകാരന്‍ സ്വന്തം നിലക്കാണ് നടത്തുന്നതെന്ന് വ്യക്തമാവുകയായിരുന്നു. സൗദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ബിനാമി ബിസിനസിലൂടെ സമ്പാദിക്കുന്ന സ്വത്തുവകകള്‍ കോടതി വിധി അടിസ്ഥാനത്തില്‍ കണ്ടുകെട്ടാനും ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!