GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായ രീതിയിൽ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങി സൗദി അറേബ്യ

ജിദ്ദ – പെട്രോൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് സൗദിക്ക് സ്ഥാനം. എന്നാൽ ഇനി മുതൽ പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായ രീതിയിൽ കയറ്റുമതി ചെയ്യാനുള്ള പുതിയ നീക്കമാണ് സൗദി അറേബ്യ ആവിഷ്കരിക്കുന്നത്. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് പദ്ധതിക്ക് പിന്നിൽ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലേക്ക് സൗദി പാലുല്‍പ്പന്നങ്ങളും ഉപോല്‍പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ ചൈനയുമായി മന്ത്രാലയം അടുത്തിടെ സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളില്‍ ഒന്നായ ചൈനയിലേക്ക് സൗദി പാലുല്‍പന്നങ്ങള്‍ക്കുള്ള തന്ത്രപരമായ പ്രവേശന കവാടമാണ് ഈ കരാര്‍.


നിലവിലെ കയറ്റുമതി ഗള്‍ഫ് രാജ്യങ്ങള്‍, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങി നിരവധി വിപണികളിലേക്ക് സൗദി അറേബ്യ നിലവില്‍ പാലുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പതിമൂന്നു തരം പാലുല്‍പ്പന്നങ്ങളും ബേബി ഫോര്‍മുലയും കയറ്റുമതിക്ക് അംഗീകാരമുള്ള ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചൈനയുമായുള്ള കരാര്‍ ഏഷ്യന്‍ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് സൗദി കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കര്‍ശനമായ സാങ്കേതിക, നിയന്ത്രണ വ്യവസ്ഥകള്‍ക്കനുസൃതമായാണ് സൗദി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (വിഖായ), ക്വാറന്റൈന്‍ വകുപ്പ് എന്നിവ അംഗീകരിച്ച ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും വെറ്ററിനറി സര്‍ട്ടിഫിക്കറ്റും നേടണമെന്നത് ഈ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു. എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും നാഷണല്‍ അഗ്രികള്‍ച്ചറല്‍ സര്‍വീസസ് കമ്പനി വഴിയാണ് കയറ്റുമതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
പാലുല്‍പ്പന്നങ്ങളില്‍ സൗദി അറേബ്യ 129 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. സൗദിയില്‍ 12 ഡയറി കമ്പനികളുണ്ട്. സൗദി പാലുല്‍ന്നങ്ങളുടെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഗള്‍ഫ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. കന്നുകാലി മേഖല വികസിപ്പിക്കാനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പാലുല്‍പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താനുള്ള ശ്രമമെന്ന് പരിസ്ഥിതി, കൃഷി ജല മന്ത്രാലയം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!