GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറിൽ ജൂണ്‍ 23ന് രജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളുടെ പിഴത്തുക റദ്ദാക്കി

ദോഹ– ഖത്തറിലെ യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയ ദിവസം ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍. ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 23ന് രജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളുടെ പിഴത്തുക ഒഴിവാക്കിയതായും ഖത്തര്‍ മന്ത്രാലയം അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ അടിയന്തിര സാഹചര്യത്തില്‍ ദേശീയവും തൊഴില്‍പരമായിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി വലിയൊരു കൂട്ടം ജനങ്ങള്‍ക്ക് അവരുടെ കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ട സാഹചര്യമുണ്ടായി. സേവന കേന്ദ്രങ്ങളിലും ജോലി സ്ഥലങ്ങളിലും സമയ ബന്ധിതമായി എത്തിച്ചേരാന്‍ ജനങ്ങള്‍ കാണിച്ച ഉത്തരവാദിത്ത പൂര്‍വമായ സമീപനത്തെ അഭിനന്ദിക്കുന്നെന്നും ഖത്തര്‍ മന്ത്രാലയം അറിയിച്ചു.


ജൂണ്‍ 23നാണ് ഇറാന്‍-ഇസ്രായില്‍ സംഘര്‍ഷത്തിനിടയില്‍ അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഖത്തറിലെ യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മുഴുവന്‍ ആശങ്കിയിലാക്കിയ സംഭവം ഇറാന്‍-ഇസ്രായില്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ കെട്ടടങ്ങുകയായിരുന്നു. മിസൈലാക്രമണ ദിവസത്തെ ഗതാഗത ലംഘനങ്ങളുടെ പിഴത്തുകയാണ് ഒഴിവാക്കിയതെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ചുവേണം വാഹനം ഓടിക്കാനെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!