മസ്കത്ത്: ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതിയുമായി ഒമാൻ. 42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് 5% ആദായനികുതിയാണ് ഏർപ്പെടുത്തിയത്. 2028 ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വരും.

പുതിയ നിയമത്തിൽ 16 അധ്യായങ്ങളിലായി 76 വകുപ്പുകൾ ഉൾപ്പെടുന്നു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഒമാന്റെ നികുതി സമ്പ്രദായം പൂർത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഇത്. കൂടാതെ ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറയ്ക്കുക, സമ്പത്തിന്റെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുക, സാമൂഹിക ക്ഷേമ പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം. വിവിധ സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള വരുമാന ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനത്തെത്തുടർന്ന്, ഒമാനിലെ ജനസംഖ്യയുടെ ഏകദേശം 1% മാത്രമേ ഈ നികുതിക്ക് വിധേയരാകൂ എന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പൗരന്മാരെയും സംരക്ഷിക്കുന്നതിനാണ് ഇളവ് പരിധി നിശ്ചയിച്ചത്. നികുതിയിൽ നിന്നുള്ള വരുമാനം ദേശീയ സാമൂഹിക സംരക്ഷണ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായിരിക്കും ഉപയോഗിക്കുക.