GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രതിസന്ധി മാറാതെ എയർ ഇന്ത്യ; വൻതോതിൽ വിമാനസർവീസുകൾ റദ്ദാക്കി, യാത്രക്കാർ ആശങ്കയിൽ

രാജ്യാന്തര വ്യോമപാതകളിലെ തടസ്സങ്ങൾ, ഡിജിസിഎയുടെ അധിക പരിശോധനാ നിർദ്ദേശങ്ങൾ, വിമാനങ്ങളുടെ ലഭ്യതക്കുറവ്, സാങ്കേതിക തകരാറുകൾ, തുടങ്ങിയ വിവിധ കാരണങ്ങളാൽ എയർ ഇന്ത്യയുടെ നിരവധി വിമാനസർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.


കഴിഞ്ഞ ദിവസം മാത്രം 16 വൈഡ് ബോഡി വിമാനസർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ 13 എണ്ണവും ബോയിങ് 787 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ്.

സമീപകാലത്ത് അഹമ്മദാബാദിൽ നടന്ന അപകടത്തിന് ശേഷം പുനരാരംഭിച്ച അഹമ്മദാബാദ്–ലണ്ടൻ ഗാറ്റ്‌വിക് സർവീസ് ഇന്നലെ റദ്ദാക്കിയവയിൽപ്പെടുന്നു.

ഡൽഹിയിൽനിന്ന് വിമാനം എത്താനുണ്ടായ തടസ്സമാണ് ഇതിന് കാരണമായത്. ഡൽഹി–ദുബായ്, ബെംഗളൂരു–ലണ്ടൻ, ഡൽഹി–വിയന്ന, ഡൽഹി–പാരീസ്, മുംബൈ–സാൻഫ്രാൻസിസ്കോ തുടങ്ങിയ പ്രധാനപ്പെട്ട നിരവധി റൂട്ടുകളിലെ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയ ഒരു സംഭവം സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള എഐ180 ബോയിങ് വിമാനത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്.

തിങ്കളാഴ്ച അർധരാത്രിക്ക് ശേഷം 224 യാത്രക്കാരുമായി കൊൽക്കത്തയിലിറങ്ങിയ ഈ ബോയിങ് 777-200 എൽആർ വിമാനം പുലർച്ചെ 2 മണിക്ക് മുംബൈയിലേക്ക് യാത്രതിരിക്കേണ്ടതായിരുന്നു.

എന്നാൽ, വിമാനത്തിന്റെ ഇടതുവശത്തെ എൻജിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് യാത്ര മുടങ്ങി. ഇതേത്തുടർന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയർ ഇന്ത്യയ്ക്ക് തുടർച്ചയായി വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ജൂൺ 12 മുതൽ ജൂൺ 17 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 83 വിമാനങ്ങളാണ് റദ്ദാക്കിയത്:

ജൂൺ 12: 6 വിമാനങ്ങൾ, ജൂൺ 13: 22 വിമാനങ്ങൾ, ജൂൺ 14: 12 വിമാനങ്ങൾ, ജൂൺ 15: 16 വിമാനങ്ങൾ, ജൂൺ 16: 11 വിമാനങ്ങൾ, ജൂൺ 17: 16 വിമാനങ്ങൾ.

തുടർച്ചയായ ഈ റദ്ദാക്കലുകൾ എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളെയും യാത്രക്കാരുടെ യാത്രാ പ്ലാനുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ എയർ ഇന്ത്യയ്ക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!