GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം; മടക്കയാത്ര തടസ്സപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഇറാനിലെ ഹാജിമാർക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ നിര്‍ദേശം

മക്ക – ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാന്‍ വ്യോമമേഖല അടച്ചതിനാല്‍ മടക്കയാത്ര തടസ്സപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഇറാനില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സേവനങ്ങളും നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഹജ്, ഉംറ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.


സുരക്ഷിതരായി സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമൊരുങ്ങുന്നതു വരെ ഇറാന്‍ ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാനാണ് നിര്‍ദേശം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും ഇറാനിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുമാണിത്. ഇറാനില്‍ നിന്ന് ഇത്തവണ 90,000 ഹജ് തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. ഹജ് കര്‍മം പൂര്‍ത്തിയായി ഏതാനും ദിവസങ്ങള്‍ മാത്രമാണ് പിന്നിട്ടത് എന്നതിനാല്‍ ഇറാന്‍ തീര്‍ഥാടകരില്‍ മഹാഭൂരിഭാഗവും സ്വദേശത്തേക്ക് മടങ്ങിയിട്ടില്ല.

അതിനിടെ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ട് ഇറാനെതിരായ ഇസ്രായില്‍ സൈനിക നടപടി അടക്കം മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്തു. ആത്മസംയമനം പാലിക്കേണ്ടതിന്റെയും സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യവും മധ്യപൗരസ്ത്യദേശത്ത് സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ കൈവരിക്കാന്‍ തുടര്‍ച്ചയായ സംയുക്ത പ്രവര്‍ത്തനം നടത്തേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു.


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇറാനെതിരായ ഇസ്രായില്‍ സൈനിക നടപടിയുടെ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്തു. സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും ആത്മസംയമനം പാലിക്കേണ്ടതിന്റെയും തര്‍ക്കങ്ങള്‍ നയതന്ത്രമാര്‍ഗങ്ങളിലൂടെ പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യം നേതാക്കള്‍ എടുത്തുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!