GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഉംറ സീസണ്‍ ആരംഭിച്ചതോടെ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നു

മക്ക – ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും അപാര്‍ട്ട്‌മെന്റുകളിലും വിദേശ ഉംറ തീര്‍ഥാടകരെ പാര്‍പ്പിക്കാനുള്ള കരാറുകള്‍ നുസുക് മസാര്‍ പ്ലാറ്റ്ഫോം വഴി ഡോക്യുമെന്റ് ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രാലയം ഉംറ സര്‍വീസ് കമ്പനികളോടും സ്ഥാപനങ്ങളോടും വിദേശ ഏജന്റുമാരോടും ആവശ്യപ്പെട്ടു. ഉംറ സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളുമായും ലോഡ്ജുകളുമായും അപാര്‍ട്ട്‌മെന്റുകളുമായും ഡോക്യുമെന്റ് ചെയ്ത കരാര്‍ നിലവിലുണ്ടെങ്കില്‍ മാത്രമേ ഉംറ വിസകള്‍ അനുവദിക്കുകയുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.


തീര്‍ഥാടകരുടെ താമസ സേവനങ്ങള്‍ വ്യവസ്ഥാപിതമാക്കാനും തീര്‍ഥാടകര്‍ രാജ്യത്ത് എത്തിച്ചേരുന്ന നിമിഷം മുതല്‍ സൗദി അറേബ്യ വിടുന്നതുവരെ അവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ അനുഭവം നല്‍കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. ഇന്നലെ മുതല്‍ ഉംറ സീസണ്‍ ആരംഭിച്ചതോടെ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വിസകള്‍ ഇഷ്യു ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നതും നിയമ നടപടികള്‍ക്ക് വിധേയമാകുന്നതും ഒഴിവാക്കാന്‍ താമസ കരാറുകള്‍ നേരത്തെ ഡെക്യുമെന്റ് ചെയ്യേണ്ടതും അംഗീകൃത വ്യവസ്ഥകള്‍ പാലിക്കേണ്ടതും പ്രധാനമാണ്. നിയന്ത്രണ നിലവാരം മെച്ചപ്പെടുത്താനും സന്ദര്‍ശകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ അനുഭവത്തെ ബാധിച്ചേക്കാവുന്ന പ്രവണതകള്‍ തടയാനുമായി ഹജ്, ഉംറ മന്ത്രാലയവും ടൂറിസം മന്ത്രാലയവും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്.

ഇത് നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്നും അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകരെ സേവിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന മികച്ച ഉംറ സീസണ്‍ നല്‍കുന്നതിന് എല്ലാവരും വ്യവസ്ഥകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!